യുപിയിലെ മഹാസഖ്യം തകരുന്നു; ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് മായാവതി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി-എസ്പി സഖ്യം ഒന്നിച്ച് മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മായാവതിയുടെ മലക്കംമറിച്ചിലെന്നത് യുപി രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പാണ്.

Update: 2019-06-03 12:26 GMT

ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കു പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി നേതൃത്വത്തിലുള്ള മഹാസഖ്യം തകര്‍ച്ചയിലേക്ക്. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിച്ചേക്കുമെന്ന് സൂചന നല്‍കിയ ബിഎസ്പി നേതാവ് മായാവതി, വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും തനിച്ച് മല്‍സരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം ബിഎസ്പിക്ക് ഗുണം ചെയ്തില്ലെന്നാണ് ബിഎസ്പിയുടെ വിലയിരുത്തല്‍. ബിഎസ്പിക്ക് യാദവ വോട്ടുകള്‍ ലഭിച്ചില്ലെന്നും എസ്പി നേതാവ് അഖിലേഷ് യാദവിന്റെ കുടുംബക്കാരായ സ്ഥാനാര്‍ഥികള്‍ പോലും യാദവ വോട്ടുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടെന്നും മായാവതി പറഞ്ഞു. ശിവപാല്‍ യാദവും കോണ്‍ഗ്രസും ചേര്‍ന്ന് യാദവ വോട്ടുകള്‍ ഭിന്നിപ്പിക്കുകയായിരുന്നു. ഇത് മഹാസഖ്യത്തിന് തിരിച്ചടിയായെന്നു വ്യക്തമായതിനാലാണ് ഉപതിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നാണു റിപോര്‍ട്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ബിഎസ്പി നേതാക്കളുടെ യോഗത്തിലാണ് മായാവതിയുടെ തീരുമാനം.

    അതേസമയം, മഹാസഖ്യത്തിനു അന്ത്യം കുറിക്കുന്നതോടെ ബിജെപി ഉത്തര്‍പ്രദേശില്‍ കൂടുതല്‍ പിടിമുറുക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മഹാസഖ്യത്തിലൂടെ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത് അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിക്കാണ്. ആകെ അഞ്ചു സീറ്റുകളില്‍ മാത്രമാണ് എസ്പിക്ക് ജയിക്കാനായത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ അക്ഷയ് യാദവ്, ധര്‍മേന്ദ്ര യാദവ് എന്നിവരെല്ലാം തോല്‍വിയറിഞ്ഞിരുന്നു. എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്ന ബിഎസ്പിക്ക് ഇത്തവണ 10 സീറ്റുകള്‍ നേടാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി-എസ്പി സഖ്യം ഒന്നിച്ച് മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മായാവതിയുടെ മലക്കംമറിച്ചിലെന്നത് യുപി രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പാണ്.



Tags:    

Similar News