ഗൗരിലങ്കേഷിന്റെ കൊലപാതകം: രണ്ട് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു; ഹിന്ദുത്വ ഗൂഡാലോചനയുടെ ചുരുളഴിയുന്നു
ബംഗളൂരു: മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ രണ്ടു പ്രതികളെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികളായ സുധ്‌വാന ഗോണ്ഡലേക്കര്‍, അമിത് ബഡ്ഡി എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. കൊലപാതകം നടന്ന 2017 സെപ്റ്റംബര്‍ അഞ്ചിന് ഒരാഴ്ച്ച് മുമ്പ് പ്രതികള്‍ തന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയെന്ന് മൊഴി നല്‍കിയ സാക്ഷിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രധാനപ്പെട്ട ഒരു ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയതെന്നാണ് സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. ഇത് കൊലയാളി സംഘത്തിലെ മറ്റുളളവര്‍ക്ക് സന്ദേശം നല്‍കാനായിരുന്നുവെന്ന് പ്രത്യേക പോലിസ് സംഘം കോടതിയെ അറിയിച്ചു.
സുധ്‌വാന ഗോണ്ഡലേക്കര്‍
അമിത് ബഡ്ഡി
കൊലപാതകത്തിന് ശേഷം ബംഗളൂരുവില്‍ എത്തിയ പ്രതികള്‍ മറ്റൊരു പ്രതിയായ ഹിന്ദു ജനജാഗൃതി സമിതി അംഗമായ എച്ച് എല്‍ സുരേഷില്‍ നിന്ന് തോക്കുകള്‍ വാങ്ങിയതു കണ്ടെന്നും സാക്ഷി കോടതിയെ അറിയിച്ചു.പൂനെയിലെ ഹിന്ദു ജനജാഗൃത സമിതി നേതാവായിരുന്ന അമോല്‍ കാലെ എന്നയാളുമായി സുധ്‌വാന ഗോണ്ഡലേക്കര്‍ക്ക് ബന്ധമുണ്ടെന്നും ഫോണ്‍ റെക്കോര്‍ഡുകള്‍ പറയുന്നതായി പോലിസ് കോടതിയെ അറിയിച്ചു. അമോള്‍ കാലെയെ പാണ്ഡെ എന്നും ഗുജ്ജര്‍ എന്നും ഗോണ്ഡലേക്കര്‍ വിശേഷിപ്പിച്ചിരുന്ന ഡയറിയും പോലിസ് കോടതിയില്‍ ഹാജരാക്കി.
അമോള്‍ കാലെ
ഹിന്ദുത്വക്കെതിരേ നിലപാട് എടുക്കുന്ന നാലു പേരെ കൊല്ലാന്‍ രണ്ടു തോക്കുകളാണ് സുധ്‌വാന ഗോണ്ഡലേക്കര്‍ സൂക്ഷിച്ചിരുന്നത്. ഹിന്ദു ജനജാഗൃത സമിതി നേതാവായിരുന്ന ഡോ. വീരേന്ദ്ര തവാദെ എന്ന ബഡാ ഭായിസാബ് 2010-11 കാലയളവില്‍ രൂപീകരിച്ച പ്രത്യേക സംഘങ്ങളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടന പ്രസിദ്ധീകരിച്ച 'ക്ഷത്ര ധര്‍മ സാധന' എന്ന പുസ്തകമായിരുന്നു ഇവരെല്ലാം പിന്തുടര്‍ന്നിരുന്നത്.
ഡോ. വീരേന്ദ്ര തവാദെ
കര്‍ണാടകത്തിലെ പ്രമുഖ എഴുത്തുകാരനായിരുന്ന എം എം കല്‍ബുര്‍ഗിയെ 2015 ആഗസ്റ്റ് 30ന് വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്കു തന്നെയാണ് ഗൗരിയേയും കൊല്ലാന്‍ സംഘം ഉപയോഗിച്ചത്. ഇതേ തോക്കുപയോഗിച്ചാണ് 2015 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ യുക്തിവാദിയായ ഗോവിന്ദ് പന്‍സാരെയെ വെടിവച്ചു കൊന്നത്. പന്‍സാരെയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കുകളില്‍ ഒന്ന് ഉപയോഗിച്ചാണ് 2013 ആഗസ്റ്റ് 20ന് മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ കൊന്നത്. ശാസ്ത്രീയ, ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനകളിലാണ് ഇത് സ്ഥിരീകരിച്ചിരുന്നു.