ഗവിയിലേക്ക് യാത്രപോയ കെഎസ്ആര്‍ടിസി ബസ് കാട്ടില്‍ ബ്രേക്ക് ഡൗണായി; 38 പേര്‍ കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട: ഗവിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പാക്കേജ് ടൂറിന് പോയ ബസ് കേടായി. 38 വിനോദസഞ്ചാരികള്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്നു. രാവിലെ 11 മണിക്ക് വിവരം അറിയിച്ചിട്ടും പകരം ബസ് ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
സ്ത്രീകളും കുട്ടികളുമടക്കം 38 വിനോദ സഞ്ചാരികളും രണ്ട് ബസ് ജീവനക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. പത്തനംതിട്ടയില്‍ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച ശേഷം ഗവിയിലേക്കുള്ള യാത്രയായിരുന്നു. മൂഴിയാറിലെത്തിയപ്പോള്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയത്. ഈ മേഖല ഉള്‍വനപ്രദേശമാണ്. വനാതിര്‍ത്തി കടന്ന് പതിഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ തന്നെ യഥാസമയം വിവരം വകുപ്പ് അധികൃതരെ അറിയിക്കുന്നതിനും കാലതാമസം നേരിട്ടുവെന്നാണ് വിവരം. പത്തനംതിട്ടയില്‍ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയാണ് ബസ് കുടുങ്ങിക്കിടക്കുന്നത്.