പൊതുപണിമുടക്ക്; അവശ്യ സര്‍വീസുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി
ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
തിരുവനന്തപുരം: ഈ മാസം 28, 29 തീയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യ സര്‍വീസുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ പോലിസ് സഹായത്തോടെയും നിര്‍ദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ അയക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുകള്‍ അയക്കുന്നതും പണിമുടക്ക് കഴിഞ്ഞ് മാര്‍ച്ച് 30 ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം അയക്കുന്നതും യാത്രക്കാര്‍ക്ക് പരമാവധി യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
അതേസമയം സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മാത്രം 3909 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. സാധാരണ നടത്തുന്ന സര്‍വീസുകളേക്കാള്‍ 700 ല്‍ അധികം സര്‍വീസുകളാണ് നടത്തിയത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സെക്ടറില്‍ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതായും കെഎസ്ആര്‍ടിസി വ്യക്തമാക്കി.