യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊവിഡ്; ജര്‍മനിയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചത് 50,196 കേസുകള്‍
തുടര്‍ച്ചയായ നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്.
മ്യൂണിക്ക്: യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊവിഡ്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. വ്യാഴാഴ്ച 50,196 പുതിയ കൊറോണ വൈറസ് കേസുകളാണ് ജര്‍മ്മനിയില്‍ റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്.
മരണപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കൊവിഡിന്റെ പുതിയ തരംഗമായിട്ടാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ഇതിനെ കാണുന്നത്. റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം ഇപ്പോള്‍ 4.89 മില്യനാണ്.
കൊവിഡ് മഹാമാരിയുടെ തുടക്കത്തിനുശേഷം ജര്‍മ്മനിയില്‍ 50,000 കേസുകള്‍ കവിയുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ പകുതി മുതലാണ് അണുബാധകളും മരണങ്ങളും കുതിച്ചുയരാന്‍ തുടങ്ങിയത്. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ അണുബാധകളുടെ വര്‍ദ്ധനവിനെ 'നാടകീയം' എന്നായിരുന്നു വിശേഷിപ്പിച്ചത്. 'അണുബാധ വലിയ രീതിയില്‍ മടങ്ങിവരുന്നു,' വ്യാപനം ശമിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികാരികളോട് മെര്‍ക്കലിന്റെ വക്താവ് നിര്‍ദേശിച്ചു.
പുതുതായി 235 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 97,198 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് 100,000 പേരില്‍ രോഗം ബാധിക്കുന്നവരുടെ 232 ല്‍ നിന്ന് 249 ആയി ഉയര്‍ന്നതായും സ്ഥാപനം പറയുന്നു. നാലാമാത്തെ തരംഗം ഉണ്ടായതോടെ തന്നെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ആരോഗ്യ വിദഗ്ധര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ രാജ്യത്തെ പ്രബലരായ മൂന്ന് പാര്‍ട്ടികളും ഇതിനെ എതിര്‍ത്തു. അടുത്തിടെ നടന്ന തിരഞ്ഞടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സഖ്യ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ സാഹചര്യം നേരിടാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലേക്ക് മൂന്ന് പാര്‍ട്ടികളും എത്തിയത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് പകരം, മാസ്‌ക് ധരിക്കല്‍, പൊതു ഇടങ്ങളില്‍ സാമൂഹിക അകലം എന്നിവ പോലുള്ള നടപടികള്‍ അടുത്ത മാര്‍ച്ച് വരെ നടപ്പിലാക്കുന്നത് തുടരാന്‍ അനുവദിക്കുന്നതിന് നിലവിലുള്ള നിയമനിര്‍മ്മാണം ഭേദഗതി ചെയ്യുന്ന ഒരു കരട് നിയമം അവര്‍ തിങ്കളാഴ്ച അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരട് നിയമം വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ബുണ്ടസ്റ്റാഗ് അധോസഭയില്‍ അവതരിപ്പിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം പ്രത്യേക സമ്മേളനത്തില്‍ വോട്ടെടുപ്പ് നടത്തുകയും ചെയ്യും.
നിലവില്‍ അമേരിക്ക, റഷ്യ, ബ്രസീല്‍, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.