കാണാതായ ജര്‍മന്‍ യുവതി കോവളത്തെത്തിയിരുന്നതായി സംശയം

Update: 2019-07-02 01:59 GMT

തിരുവനന്തപുരം: കൊല്ലം അമൃതപുരിയില്‍ സന്ദര്‍ശനം നടത്താനെത്തി കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സ് കോവളത്തെത്തിയിരുന്നതായി സംശയം. ലിസയോടു സാദൃശ്യമുള്ള യുവതി മൂന്നു മാസം മുമ്പു കോവളത്തെത്തയിരുന്നതായി കടല്‍തീരത്തെ ഹോട്ടലുടയും ജീവനക്കാരും പറഞ്ഞു. ഇതോടെയാണ് യുവതി കോവളത്തെത്തിയതായി സംശയമുയര്‍ന്നത്.

യുവതിയും സുഹൃത്തും ഒരുമിച്ചാണ് ഹോട്ടലിലെത്തിയത്. നാലു മണിക്കൂറോളം ഹോട്ടലില്‍ ചിലവഴിച്ചു. എന്നാല്‍ റൂമെടുത്തിരുന്നില്ല. ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി.

യുവതി കൊല്ലം അമൃതപുരി സന്ദര്‍ശിക്കാനാണ് എത്തിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമൃതപുരിയില്‍ എത്തിയെന്നതിനു തെളിവില്ലെന്നു പോലിസ് വ്യക്തമാക്കുന്നു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ മാര്‍ച്ച് 7നു തിരുവനന്തപുരത്തു വിമാനമിറങ്ങിയ യുവതിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമ്മ ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതോടെയാണ് വിഷയത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചത്. കേരളത്തില്‍ എത്തിയ ശേഷം ഫോണ്‍ വിളിയോ, വിവരങ്ങളോ ഇല്ലെന്നു പരാതിയില്‍ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ ഒപ്പമെത്തിയ സുഹൃത്ത് മുഹമ്മദാലി മാര്‍ച്ച് 15ന് തിരിച്ചുപോയതായി പോലിസ് വ്യക്തമാക്കി. ഇതോടെയാണ് യുവതിക്കായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കിയത്.

ഒരു വര്‍ഷംമുമ്പ് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ലാത്വിയന്‍ യുവതിയെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അന്നു ആദ്യഘട്ടത്തില്‍ ലഭിച്ച പരാതി പോലിസ് അവഗണിച്ചതായി വിമര്‍ശനമുയര്‍ന്നിരുന്നു. 

Tags:    

Similar News