സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് ഗുലാം നബി ആസാദ്; ഇന്ത്യയുടെ തോല്‍വിയെന്ന് മെഹ്ബൂബ മുഫ്തി

Update: 2023-12-11 09:54 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനടപടി ശരിവച്ച സുപ്രിം കോടതി വിധിയില്‍ പ്രതികരണവുമായി നേതാക്കള്‍.വിധി അത്യന്തം ദുഃഖകരവും നിരാശാജനകവുമാണെന്ന് മുന്‍മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി(ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ് പറഞ്ഞു. സുപ്രിം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നും. വിധിയില്‍ കശ്മീരിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രീം കോടതി വിധി വിധി നമ്മുടെ തോല്‍വിയല്ല, മറിച്ച് ഇന്ത്യയുടെ തോല്‍വിയാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രസ്താവിച്ചു. ആത്മവിശ്വാസം വെടിയരുത്. കശ്മീര്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ വിധി ആഘോഷിക്കുന്ന നിരവധി പേരുണ്ടാവും. ജമ്മുകശ്മീരിനെ ഇന്നൊരു ജയിലാക്കി മാറ്റി. ഞങ്ങളെ വീട്ടുതടങ്കലിലാക്കി. കടകള്‍ അടച്ചിടണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു. കാലങ്ങളായി അഭീമുഖീകരിക്കുന്ന ഒരു രാഷ്ട്രീയ യുദ്ധമാണിത്. നിരവധി പേര്‍ ഇതിനായി അവരുടെ ജീവന്‍ ത്യജിച്ചു. വെറുതെയിരിക്കാന്‍ ഞങ്ങളൊരുക്കമല്ല. ഒന്നിച്ചു നിന്ന് പോരാടുക തന്നെ ചെയ്യണമെന്നും മെഹ്ബൂബ മുഫ്തി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

    വിധിയില്‍ നിരാശരാണെങ്കിലും തോറ്റുപിന്മാറാന്‍ ഒരുക്കമല്ലെന്ന് നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല പറഞ്ഞു. ബിജെപിക്ക് ഇവിടേയ്‌ക്കെത്താന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. ഒരു നീണ്ട പോരാട്ടത്തിന് ഞങ്ങളും സജ്ജരാണെന്നും ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു. 'ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടി'യുള്ളതാണെന്നായിരുന്നു വിധിക്കു മണിക്കൂറുകള്‍ക്ക മുമ്പ് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പോസ്റ്റ് ചെയ്തത്. 'കോടതികള്‍, ചില യുദ്ധങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്. കാരണം, തലമുറകള്‍ക്ക് അറിയാന്‍ അസുഖകരമായ വസ്തുതകള്‍ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും വരും വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവ് എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. 2019 ആഗസ്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്ത ഹരജിക്കാരുടെ അഭിഭാഷകനായിരുന്നു കപില്‍ സിബല്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കാനുള്ള തീരുമാനത്തിന്റെ സാധുത ശരിവച്ചത്.

Tags:    

Similar News