ഗോ എയര്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി; ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് അധികൃതര്‍
മുംബൈ: രാജ്യച്ചെ ആഭ്യന്തര വിമാന കമ്പനിയായ ഗോ ഫസ്റ്റ്(ഗോ എയര്‍) സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. മാതൃ കമ്പനിയായ വാഡിയാ ഗ്രൂപ്പ് പാപ്പര്‍ അപേക്ഷയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. മെയ് മൂന്ന്, നാല്, അഞ്ച് തിയതികളിലെ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം, ഗോ എയര്‍ സര്‍വീസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹകരണവും നല്‍കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ പണം അടച്ച രീതിയില്‍ തന്നെ പണം തിരികെ നല്‍കും. കമ്പനി വെബ്‌സൈറ്റില്‍ നിന്നും ആപ്പുകളിലൂടെയും ടിക്കറ്റെടുത്തവര്‍ക്ക് അതാത് അക്കൗണ്ടുകളിലേക്ക് പണം മടക്കിനല്‍കും. നിലവിലെ പ്രതിസന്ധിയില്‍ ടിക്കറ്റ് തുക തിരികെ നല്‍കുന്നത് മാത്രമാണ് സാധ്യമാവു. മറ്റ് എയര്‍ലൈനുകളിലേക്ക് ടിക്കറ്റ് മാറ്റി നിശ്ചയിക്കാനാവില്ല. ടിക്കറ്റ് ലഭ്യതയില്‍ അനിശ്ചിതത്വമുള്ളതിനാല്‍ മറ്റ് തിയ്യതികളിലേക്ക് പുനഃക്രമീകരിക്കാനാവില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍(എന്‍സിഎല്‍ടി) പാപ്പര്‍ അപേക്ഷ അംഗീകരിച്ചാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് റിപോര്‍ട്ട്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ(ഡിജിസിഎ) അറിയിച്ചിട്ടുണ്ട്. പാപ്പര്‍ അപേക്ഷ നല്‍കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും കമ്പനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത് അത്യാവശ്യമായിരുന്നെന്ന് കമ്പനി സിഇഒ കൗശിക് ഖോന പറഞ്ഞു. വിമാനത്തിന്റെ എന്‍ജിന്‍ ലഭ്യമാക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നിയുടെ ഇന്റര്‍നാഷനല്‍ എയ്‌റോ എന്‍ജിന്‍ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റിനെ പ്രതിസന്ധിയിലാക്കിയത്. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.