എസ്ബിഐയുടെ യുപിഐ സെര്‍വര്‍ തകരാര്‍; ഗുഗിള്‍ പേ ഉള്‍പ്പടെ ആപ്പുകള്‍ ഉപയോഗിക്കാനാവുന്നില്ല

പ്ലേസ്‌റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്‌റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് നിലവില്‍ പ്ലേസ്‌റ്റോറില്‍ ഉള്ളത്.

Update: 2020-08-17 14:21 GMT

ന്യൂഡല്‍ഹി: എസ്ബിഐ ബാങ്കിന്റെ യുപിഐ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ഗൂഗിള്‍ പേ ഉള്‍പ്പടെ പണക്കൈമാറ്റ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാവുന്നില്ല. പണമിടപാടുകളൊന്നും വിചാരിച്ച നിലയില്‍ നടക്കുന്നില്ലെന്നാണ് പരാതി. ബാങ്ക് സര്‍വറുമായി കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് പണം അയക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. ദിവസങ്ങളായി ബാലന്‍സ് പരിശോധിക്കാനോ പണം അയക്കാനോ സാധിക്കുന്നില്ലെന്നും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. പലരും ആപ്പ് അപ്‌ഡേറ്റ് ചെയ്‌തെങ്കിലും പരാതി പരിഹരിക്കാതെ തുടരുകയായിരുന്നു. നിരവധി പേരാണ് ഗൂഗിള്‍ പേ, എസ്ബിഐ സര്‍വീസ് മോശമാണെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, പ്ലേസ്‌റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്‌റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് നിലവില്‍ പ്ലേസ്‌റ്റോറില്‍ ഉള്ളത്. നിരവധിപേര്‍ ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്. എന്താണ് കാരണമെന്ന് വ്യക്തമല്ല. വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.

വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഇന്ത്യയില്‍ വലിയ പ്രചാരം നേടിയത്. ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിള്‍ പേയെ വ്യത്യസ്തമാക്കുന്നത്. രണ്ടോ അധിലധികമോ ബാങ്ക് അക്കൗണ്ടുകളും ഗൂഗിള്‍ പേയില്‍ ചേര്‍ക്കാനാകും എന്ന പ്രത്യേകതയും ഉണ്ട്. പലപ്പോഴും നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം സര്‍വീസ് മുടങ്ങാറുണ്ടെങ്കിലും പെട്ടെന്ന് പരിഹരിക്കാറുണ്ട്. എന്നാല്‍, ദിവസങ്ങളായി പണക്കൈമാറ്റ ആപ്പുകള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

Tags:    

Similar News