ഇപ്പോൾ നടന്ന ദുരന്തത്തിന് കാരണം സർക്കാർ: മാധവ് ഗാഡ്ഗിൽ

ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയേക്കുറിച്ച് സര്‍ക്കാര്‍ മറന്നു. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം.

Update: 2019-08-12 11:00 GMT

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ചയാണ് കേരളം ഇപ്പോള്‍ നേരിടുന്ന ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ചപറ്റി. ഗാഡ്ഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയേക്കുറിച്ച് സര്‍ക്കാര്‍ മറന്നു. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്തുണ്ടായതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ സംഭവിച്ചതെന്നും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.

മഴ തുടര്‍ച്ചയായി പെയ്തിട്ടും വടക്കന്‍ കര്‍ണാടകയില്‍ ഡാമുകള്‍ യഥാസമയം തുറന്നു വിടാത്തതാണ് അവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനായിരുന്നു മാധവ് ഗാഡ്ഗില്‍. വ്യത്യസ്ത സോണുകളായി തിരിച്ച് പശ്ചിമ ഘട്ട സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളായിരുന്നു റിപോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

ഇതിനെതിരേ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്. ക്രൈസ്തവ സഭകളും സിപിഎമ്മും റിപോര്‍ട്ടിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗനെ കമ്മീഷനായി നിയമിച്ചു. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ കേരളത്തിലെ പശ്ചിമഘട്ട മേഖലകളില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗില്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News