സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങുമായി സർക്കാർ മുന്നോട്ട്; വേദി മാറ്റില്ല
സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കാനാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കാളിത്തം കുറയ്ക്കും. എന്നാൽ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് വേദി മാറ്റില്ല. സിപിഎം-സിപിഐ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
750 പേർക്ക് ചടങ്ങിൽ പങ്കാളിത്തം നൽകി സത്യപ്രതിജ്ഞ നടത്തുന്നു എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പന്തലും ഒരുക്കി. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്. കൊവിഡ്, ട്രിപ്പിൾ ലോക്ക്ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്ഥർ എന്നിവർ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതമെന്ന് എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. മുഖ്യമന്ത്രിക്ക് ഇത് മനസ്സിലാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കുറിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തിയത്. പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. അതാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കാനാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയതും പഴയതുമായ എംഎൽഎമാർക്കും മന്ത്രിമാർക്കും ചടങ്ങിൽ പങ്കാളിത്തം നൽകാനാണു തീരുമാനം. മെയ് 20-ന് ഉച്ചയക്ക് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ.