അറബി ഭാഷക്കെതിരായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: കാംപസ് ഫ്രണ്ട്

Update: 2020-02-05 15:16 GMT

കോഴിക്കോട്: അറബി ഭാഷയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ ആവശ്യപ്പെട്ടു. അറബി ഭാഷ ഉപാധ്യാപക നിയമത്തിനുള്ള മാനദണ്ഡം ഇതുവരെ ഉണ്ടായിരുന്ന പത്തില്‍ നിന്നു 25 വിദ്യാര്‍ഥികള്‍ എന്ന തോതിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. മറ്റ് ഉപഭാഷകള്‍ക്ക് 10 വിദ്യാര്‍ഥികള്‍ മതി എന്നിരിക്കെ ഇരട്ടിയിലധികമുള്ള ഈ വര്‍ധനവ് അറബി ഭാഷക്കെതിരായ നീക്കമായേ കാണാനാവൂ. ഇത് അംഗീകരിക്കാനാവില്ല. മലബാറിനെ അപേക്ഷിച്ച് തെക്കന്‍ കേരളത്തില്‍ അറബി ഭാഷ ഉപഭാഷയായി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ കുറവാണ്. സര്‍ക്കാര്‍ തീരുമാനം വഴി ഇവരുടെ പഠനം കൂടി ഇല്ലാതാവും. ഈ മേഖലയില്‍ അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വെല്ലുവിളിയാണ് പുതിയ തീരുമാനം. വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന അറബിക് സര്‍വകലാശാല ഇതിനകം അട്ടിമറിക്കപ്പെട്ടു. ഫലത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അറബി ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുന്നതില്‍ മാത്രമേ ഈ തീരുമാനം ഫലം ചെയ്യൂ. തല്‍പര കക്ഷികളുടെ ഭാഗത്ത് നിന്ന് അറബി ഭാഷക്കെതിരായ നീക്കം മുമ്പേ ഉണ്ടായിരുന്നതാണ്. നിരവധി സമരങ്ങളിലൂടെയാണ് അതിനെ മറികടന്നിട്ടുള്ളത്. പൗരത്വ പ്രക്ഷോഭങ്ങളുടെ മറവില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും സി പി അജ്മല്‍ ആവശ്യപ്പെട്ടു.


Tags:    

Similar News