നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ജോണ്‍സണ്‍ കണ്ടച്ചിറ
അരി വില ഒരു മാസത്തിനുള്ളില്‍ 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളുടെ അന്നം മുട്ടിക്കുന്ന തരത്തില്‍ അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിയ്ക്കുകയാണെന്നും വില നിന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. അരി വില ഒരു മാസത്തിനുള്ളില്‍ 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ബ്രാന്‍ഡഡ് മട്ട അരി കിലോയ്ക്ക് 6063 രൂപയാണ് ഇപ്പോഴത്തെ വില. ജ്യോതി അരിയ്ക്ക് 13 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. സുരേഖ, സോണ്‍ മസൂരി, ഉണ്ട മട്ട, മട്ട (വടി), ബ്രാന്‍ഡഡ് മട്ട (വടി), മട്ട (ഉണ്ട), കുറുവ ഉള്‍പ്പെടെ എല്ലാത്തരം അരിയ്ക്കും വില അമിതമായി വര്‍ധിച്ചിരിക്കുകയാണ്. അരി വില കൂടിയതോടെ ഉപോല്‍പ്പന്നങ്ങളായ അവല്‍, അരിപ്പൊടികള്‍, അരച്ച മാവ് എന്നിവയ്ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. സപ്ലൈകോയിലുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.
ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞതും പാക്കയ്ക്കറ്റ് അരിയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതും വില വര്‍ധയന്ക്ക് കാരണമായതായി മൊത്ത വ്യാപാരികള്‍ പറയുന്നു. സര്‍ക്കാരും ഭക്ഷ്യമന്ത്രിയും ഗുരുതരമായ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. വിവാദങ്ങളില്‍ അഭിരമിക്കുന്ന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്. അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില വര്‍ധന തടയാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം വേദിയാകുമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വ്യക്തമാക്കി.