കൊവിഡ് വ്യാപനം തടയല്‍; എല്ലാ വിദേശ നിര്‍മിത വാക്‌സിനുകള്‍ക്കും ഉടന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം
ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ എല്ലാ വാക്‌സിനുകളും ഉപയോഗിക്കാനാണ് തീരുമാനം. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യത വിപുലമാക്കുക, കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കുകയും കൂടുതല്‍ പേരിലെത്തിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് തീരുമാനം.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുകയും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്ത എല്ലാ വാക്‌സിനുകള്‍ക്കും ഉടന്‍ ഇന്ത്യയില്‍ അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ എല്ലാ വാക്‌സിനുകളും ഉപയോഗിക്കാനാണ് തീരുമാനം. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യത വിപുലമാക്കുക, കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കുകയും കൂടുതല്‍ പേരിലെത്തിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് തീരുമാനം.
അടിയന്തര ഉപയോഗത്തിനായി യൂറോപ്പ്, യുഎസ്, യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുളളതും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന പട്ടികയില്‍ പെടുത്തിയിട്ടുളളതുമായ വിദേശരാജ്യങ്ങളില്‍ വികസിപ്പിച്ചടുത്തതും ഉല്‍പാദിപ്പിക്കുന്നതുമായ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കാമെന്ന വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ രണ്ടുവാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്‌നിക്കിനും അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഎ) ആണ് അനുമതി നല്‍കിയത്. മെയ് ആദ്യം മുതല്‍ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും. ഇന്ത്യയില്‍ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്- വി. ഇതേ മാതൃകയില്‍ കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്രതീരുമാനം. അഞ്ച് വാക്‌സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ (ബയോ ഇ), സിഡസ് കാഡില, സിറംസിന്റെ നോവാവാക്‌സ്, ഭാരത് ബയോടെക്കില്‍നിന്നുള്ള നാസല്‍ വാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയേക്കുക. 91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്‌നിക് വാക്‌സിന്‍ ഡോ. റെഡ്ഡീസാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. റഷ്യയിലെ ഗമലേയ നാഷനല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഷീല്‍ഡിനും കൊവാക്‌സിനുമാണ് നിലവില്‍ രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. മതിയായ അളവില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പല സംസ്ഥാനങ്ങളും പരാതി ഉന്നയിച്ചിരുന്നു. കൊവിഡ് കേസുകള്‍ കുതിക്കുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ആക്ഷേപമുയര്‍ന്നത്. അതേസമയം, അണുബാധ നിയന്ത്രിക്കുന്നതിലുണ്ടായ പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് മഹാരാഷ്ട്ര പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.