ഹിസ്ബുല്ലയുടെ വളര്‍ച്ചയും ഇസ്രായേലിന്റെ തകര്‍ച്ചയും

Update: 2024-11-15 03:02 GMT

മാസിന്റെ നേതൃത്വത്തില്‍ ഫലസ്തീനിലെ ചെറുത്തുനില്‍പ്പു സംഘടനകള്‍ 2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സ തുടങ്ങിയതോടെ ഗസയില്‍ ഇസ്രായേല്‍ വീണ്ടും നേരിട്ടുള്ള സൈനിക അധിനിവേശം ആരംഭിച്ചു. എന്നാല്‍, ഒക്ടോബര്‍ എട്ടിന് തന്നെ ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ദൈവത്തിന്റെ കക്ഷി എന്നര്‍ഥം വരുന്ന ലെബനാനിലെ ഹിസ്ബുല്ലാ ഇസ്രായേലിന് നേരെ ആക്രമണവും തുടങ്ങി. ഇപ്പോള്‍ ഗസക്കൊപ്പം ലെബനാനിലും ഇസ്രായേല്‍ സൈന്യം അധിനിവേശം നടത്തിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ, മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്രായേലിനുള്ളിലെ സുരക്ഷിതമെന്ന് കരുതിയ പ്രദേശങ്ങളും ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ തെല്‍ അവീവും ഹൈഫയും മറ്റു നിരവധി നഗരങ്ങളും ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ഹിസ്ബുല്ല അയക്കുന്ന ഓരോ മിസൈലും ഡ്രോണും ആയിരക്കണക്കിന് ജൂതന്‍മാരെയാണ് ബങ്കറുകളിലേക്ക് ഓടിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഓഫിസ് ജോലികള്‍ ചെയ്യുന്നത് തന്നെ ബങ്കറിലാണ്. നെതന്യാഹുവിനെ പുറത്തു കണ്ട കാലം മറന്നുവെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നത്. അയാളുടെ മകനാവട്ടെ സുരക്ഷാ കാരണങ്ങളാല്‍ കല്യാണം കഴിക്കാന്‍ പോലും ധൈര്യമില്ലാതെ ഇരിക്കുകയാണ്.

യുഎസും ബ്രിട്ടനും യൂറോപ്പും പണവും ആയുധവും സൈനികരെയും നല്‍കി സംരക്ഷിക്കുന്ന ഇസ്രായേലി സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഹിസ്ബുല്ലയാണ്. 1967ല്‍ ഈജിപ്തും സിറിയയും ജോര്‍ദാനും ഇറാഖും ലെബനാനും ചേര്‍ന്ന് ഇസ്രായേലിനെ നേരിട്ടെങ്കിലും വെറും ആറു ദിവസത്തില്‍ ഇസ്രായേല്‍ വിജയിച്ചു. കൊളോണിയല്‍ ഭരണത്തിന്റെ ക്ഷീണമുള്ള ദുര്‍ബലമായ അറബ് രാജ്യങ്ങളെ പരാജയപ്പെടുത്താന്‍ ഇസ്രായേലിന് നിസ്സാര സമയമേ വേണ്ടിയിരുന്നുള്ളൂ.

1973 ഒക്ടോബര്‍ ആറു മുതല്‍ 25 വരെ നടന്ന യോം കിപ്പൂര്‍ യുദ്ധത്തിലും അറബ് സൈന്യങ്ങള്‍ പരാജയപ്പെട്ടു. രണ്ട് ആഴ്ച്ചയും അഞ്ചു ദിവസവും മാത്രമേ ഈ യുദ്ധം നീണ്ടു നിന്നുള്ളൂ. ഇതില്‍ ഇസ്രായേല്‍ വിജയിച്ചു.

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ തകര്‍ക്കാനെന്ന പേരില്‍ ഇസ്രായേല്‍ സൈന്യം 1982ല്‍ അധിനിവേശം നടത്തി. ജൂണ്‍ ആറിന് 40,000 ഇസ്രായേലി സൈനികരും നൂറുകണക്കിന് ടാങ്കുകളും തെക്കന്‍ ലെബനാനില്‍ അതിക്രമിച്ചു കയറി. ഏഴു ദിവസം കൊണ്ട് അവര്‍ ബെയ്‌റൂത്തില്‍ എത്തി. ആ സമയത്ത് ലെബനാനില്‍ ആഭ്യന്തര യുദ്ധം നടക്കുകയായിരുന്നു. ലെബനാനില്‍ ഒരു പാവസര്‍ക്കാരിനെ സ്ഥാപിക്കാമെന്നും ഇസ്രായേല്‍ കണക്കുകൂട്ടി. പിന്നീട് സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം പിഎല്‍ഒ ലെബനാന്‍ വിട്ടു ടൂണിസിലേക്ക് പോയി.

പക്ഷേ, ഇസ്രായേല്‍ സൈന്യം ലെബനാനില്‍ തുടര്‍ന്നു. ക്രിസ്ത്യന്‍ മിലിഷ്യകളെ കൂട്ടുപിടിച്ച് അവര്‍ നിരവധി കൂട്ടക്കൊലകള്‍ നടത്തി. സബ്രശാത്തില കൂട്ടക്കൊലകള്‍ കുപ്രസിദ്ധമാണ്. രണ്ടുദിവസത്തിനുള്ളില്‍ ഇസ്രായേല്‍ സഹായത്തോടെ ലെബനീസ് ക്രിസ്ത്യന്‍ മിലിഷ്യ ഫലസ്തീനികള്‍ അടക്കം രണ്ടായിരത്തോളം പേരെ കൊന്നുതള്ളി.

ഈ അധിനിവേശത്തെ നേരിടാന്‍ ലെബനാനില്‍ നിരവധി ഗ്രൂപ്പുകള്‍ രൂപപ്പെട്ടു. ലെബനാനിലെ ശിയാ വിഭാഗങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. അങ്ങനെയാണ് ഹിസ്ബുല്ല രൂപപ്പെടുന്നത്. 1982 മുതല്‍ 1986 വരെയുള്ള കാലത്ത് വൈദേശിക സൈന്യത്തിനെതിരേ നിരവധി ഓപറേഷനുകള്‍ നടന്നു. 1983 ഒക്ടോബറില്‍ ബെയ്‌റൂത്തില്‍ നടന്ന ബോംബാക്രമണത്തില്‍ 300ല്‍ അധികം ഫ്രഞ്ച്, അമേരിക്കന്‍ സമാധാന സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് എന്ന സംഘടനയാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഹിസ്ബുല്ലയുടെ മുന്നണി സംഘടനയാണ് ഇതെന്ന് കരുതപ്പെടുന്നു.

1985ഓടെ ഹിസ്ബുല്ലയുടെ സൈനികശേഷി വന്‍തോതില്‍ വര്‍ധിച്ചു. ഇസ്രായേലി സൈന്യത്തെ ഹിസ്ബുല്ലയും സഖ്യകക്ഷികളും ചേര്‍ന്ന് ലിത്താനി നദിയുടെ പരിസരത്തേക്ക് തുരത്തി. തുടര്‍ന്ന് ലെബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ പ്രത്യേക സുരക്ഷാ സോണ്‍ രൂപീകരിച്ചു. ക്രിസ്ത്യാനികള്‍ക്കു പങ്കാളിത്തമുള്ള, ഇസ്രായേലി അനുകൂല സൗത്ത് ലെബനാന്‍ ആര്‍മിയാണ് ഈ പ്രദേശത്ത് കാവല്‍ നിന്നത്. 2000ല്‍ ഇസ്രായേല്‍ ഈ പ്രദേശത്തുനിന്നു പിന്‍മാറുന്നതു വരെ അവരായിരുന്നു കാവല്‍.

1992ല്‍ ലെബനാനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ ഹിസ്ബുല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നു. 128 അസംബ്ലി സീറ്റുകളില്‍ എട്ടെണ്ണത്തില്‍ അവര്‍ വിജയിച്ചു. ഇത് പിന്നീട് 62 സീറ്റായി ഉയര്‍ന്നു.

ലെബനാനിലെ ഒരു അഭയാര്‍ത്ഥി ക്യാംപ് ആക്രമിച്ചതിന് പകരമായി 1993 ജൂലൈയില്‍ ഹിസ്ബുല്ല ഇസ്രായേലിന് അകത്ത് ആക്രമണം നടത്തി. ഏഴു ദിവസ യുദ്ധം എന്നാണ് ഇത് ലെബനാനില്‍ അറിയപ്പെടുന്നത്. ഇതില്‍ 118 ലെബനാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് കെട്ടിടങ്ങളും ഇസ്രായേല്‍ തകര്‍ത്തു.

ലിത്താനി നദി പരിസരത്ത് നിന്ന് ഹിസ്ബുല്ലയെ തുരത്താനായി 1996 ഏപ്രില്‍ പതിനൊന്നിന് ഇസ്രായേല്‍ മറ്റൊരു യുദ്ധം ആരംഭിച്ചു. 17 ദിവസമാണ് ഈ യുദ്ധം നീണ്ടുനിന്നത്. ഇത് ഇരുവശത്തും കനത്ത നാശനഷ്ടമുണ്ടാക്കി. ഏപ്രില്‍ പതിനെട്ടിന് ഒരു അഭയാര്‍ത്ഥി ക്യാംപ് അക്രമിച്ച് ഇസ്രായേല്‍ 106 പേരെ കൊന്നു. ഫിജിയില്‍ നിന്ന് എത്തിയ നാലു യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

2006 ജൂലൈ യുദ്ധം

2006 ജൂലൈയില്‍ നൂറുകണക്കിന് മിസൈലുകളുടെ മറവില്‍ ഹിസ്ബുല്ല ഇസ്രായേലില്‍ കയറി മൂന്നു ഇസ്രായേലി സൈനികരെ കൊന്നു. രണ്ടു പേരെ പിടികൂടി ലെബനാനിലേക്ക് കൊണ്ടുവന്നു. ഇസ്രായേലി ജയിലിലെ അഞ്ചു ലെബനാന്‍ തടവുകാരെ വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യം. ഇതോടെ ഇസ്രായേല്‍ വീണ്ടും ലെബനാനില്‍ അധിനിവേശം തുടങ്ങി. 33ാം ദിവസം അവര്‍ വാദി അല്‍ ഹ്‌ജൈറില്‍ എത്തി. ഒരു മാസവും രണ്ടു ദിവസവുമാണ് ഈ അധിനിവേശം നീണ്ടു നിന്നത്.

ഐക്യരാഷ്ട്ര സഭയുടെ 1701 നമ്പറിലുള്ള പ്രമേയപ്രകാരമാണ് അധിനിവേശം അവസാനിച്ചത്. വെടിനിര്‍ത്തണം, തെക്കന്‍ ലെബനാനില്‍ ലെബനാന്‍ സര്‍ക്കാരിന്റെ സൈന്യത്തെ വിന്യസിക്കണം, ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയെ വിന്യസിക്കണം, ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും പ്രദേശത്തുനിന്ന് പിന്‍മാറണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.

ഇസ്രായേലുമായുള്ള യുദ്ധത്തില്‍ അതുവരെ ഏതെങ്കിലും അറബ് സൈന്യത്തിനോ മിലിഷ്യകള്‍ക്കോ നേടാന്‍ കഴിയാത്ത വിജയമാണ് ഹിസ്ബുല്ല നേടിയത്. ഇസ്രായേലിന് 121 സൈനികരും 20 ടാങ്കുകളും ഒരു ഹെലികോപ്റ്ററും നഷ്ടപ്പെട്ടു. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ അതുവരെ ഒരു അറബ് വിഭാഗങ്ങള്‍ക്കും നേടാനാവാത്ത വിജയമാണ് ഇതില്‍ ഹിസ്ബുല്ല നേടിയത്. ഇസ്രായേല്‍ അധിനിവേശം നിര്‍ത്തിയെങ്കിലും രണ്ട് സൈനികര്‍ ഹിസ്ബുല്ലയുടെ കൈയില്‍ തന്നെ തുടര്‍ന്നു. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. അഞ്ച് ലെബനാനി തടവുകാര്‍ക്ക് പകരമായിരുന്നു മോചനം.

ഇസ്രായേല്‍ 2006ലെ യുദ്ധത്തില്‍ പരാജയപ്പെട്ടെന്നാണ് യുദ്ധം പഠിക്കാന്‍ അവര്‍ തന്നെ രൂപീകരിച്ച വിനോഗ്രാഡ് കമ്മീഷന്‍ കണ്ടെത്തിയത്. '' 'ഇസ്രായേല്‍ വലിയൊരു യുദ്ധം തുടങ്ങി. പക്ഷേ, വ്യക്തമായൊരു സൈനിക വിജയമുണ്ടായില്ല' റിപോര്‍ട്ട് പറയുന്നു. ഓപ്പറേഷന്‍ ഗതി മാറ്റല്‍ എന്ന പേരില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശം ഹിസ്ബുല്ലയുടെ വിജയത്തിലാണ് കലാശിച്ചത്.

2012ല്‍ സിറിയയില്‍ ഐഎസുമായി കനത്ത പോരാട്ടമാണ് അവര്‍ നടത്തിയത്. അത് ഹിസ്ബുല്ലയുടെ സൈനികശേഷി വന്‍തോതില്‍ വര്‍ധിപ്പിച്ചു. രൂപീകരണ കാലം മുതല്‍ സൈനികമായും രാഷ്ട്രീയമായും ഇറാന്‍ ഹിസ്ബുല്ലയെ പിന്തുണക്കുന്നുണ്ട്.

തൂഫാനുല്‍ അഖ്‌സക്കു ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 2024 ഒക്ടോബര്‍ ഒന്നിന് അധിനിവേശം തുടങ്ങിയപ്പോഴും പണ്ടത്തേത് പോലുള്ള ലക്ഷ്യങ്ങളാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിസ്ബുല്ലയുടെ സൈനിക ശേഷി ഇല്ലാതാക്കി ഇസ്രായേലിന് സുരക്ഷ ഉറപ്പുവരുത്തുക, അതിര്‍ത്തിയിലെ ജൂത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുക എന്നിവയാണ് ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍.

എന്നാല്‍, യുദ്ധം തുടങ്ങി 44 ദിവസമായിട്ടും തെക്കന്‍ ലെബനാനിലെ ഒരു പ്രദേശം പോലും കീഴടക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും അതിര്‍ത്തിയില്‍ തന്നെ ഹിസ്ബുല്ലയുടെ ഗറില്ലാ, ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങളെ നേരിട്ട് ഇസ്രായേലി സൈന്യം വലയുകയാണ്. വ്യോമാക്രമണത്തിലൂടെ ലെബനാനിലെ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിലും വീടുകളും പാടങ്ങളും തീയിടുന്നതിലും മാത്രമാണ് ഇസ്രായേലി സൈന്യം വിജയിച്ചിരിക്കുന്നത്.

2024 ഒക്ടോബറിലെ മാത്രം കണക്ക് പ്രകാരം 55 ഇസ്രായേലി സൈനികരെ ഹിസ്ബുല്ല ഇല്ലാതാക്കി. 20ല്‍ അധികം മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്തു. നാലു യുഎസ് നിര്‍മിത ഡ്രോണുകള്‍ വീഴ്ത്തുകയും ചെയ്തു. ദീര്‍ഘകാലം സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസറുല്ലയെയും ഹാഷിം സഫിയുദ്ദീനെയും കൊലപ്പെടുത്താന്‍ ഇസ്രായേലിന് കഴിഞ്ഞു. എന്നാല്‍, അതിന് ശേഷം നെതന്യാഹുവിന്റെ വീട് തന്നെ ഹിസ്ബുല്ല ആക്രമിച്ചു. ഹിസ്ബുല്ലയുടെ മിസൈലുകള്‍ എത്താത്ത ഒരു സ്ഥലവും ഇന്ന് ഇസ്രായേലില്‍ ഇല്ല. മുമ്പ് ലോകപ്രശസ്തമായ അയണ്‍ ഡോമുകളെ കുറിച്ച് ഇന്ന് ആരും പറയുന്നില്ല. ഇസ്രായേലിനെ സംരക്ഷിക്കാന്‍ അതിന്റെ നിര്‍മാതാക്കളും സംരക്ഷകരുമായ അമേരിക്ക സ്വന്തം സൈന്യത്തെ തന്നെ അയച്ചിരിക്കുകയാണ്. ഇതെല്ലാം അമേരിക്കക്കും ഇസ്രായേലിനും ഏറ്റ കനത്ത കനത്ത തിരിച്ചടിയായും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ മുന്നേറ്റമായും കണക്കാക്കാവുന്നതാണ്.

പി എ അനീബ്


Full View


Similar News