ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ചു; കേരളത്തിന് 4,122.27 കോടി ലഭിക്കും
ന്യൂഡല്‍ഹി: കേരളമടക്കം സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ 4,122.27 കോടി രൂപ ലഭിക്കും. ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ 4,524 കോടി രൂപയാണ് കേരളത്തിന് കിട്ടേണ്ടിയിരുന്നത്. കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 4,524 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കിയത്.
കര്‍ണാടക- 8,542.17 കോടി, മഹാരാഷ്ട്ര- 6,501.11 കോടി, ഗുജറാത്ത്- 6,151 കോടി, തമിഴ്‌നാട്- 3,818.5 കോടി, ആന്ധ്രാപ്രദേശ്- 1543.43 കോടി, അസം- 836.81 കോടി, ബിഹാര്‍- 3215.18 കോടി, ഛത്തീസ്ഗഢ്- 2,342.04 കോടി, ഗോവ- 399.54 കോടി, ഹരിയാന- 3,487.83 കോടി, ഹിമാചല്‍ പ്രദേശ്- 1271.26 കോടി, ജാര്‍ഖണ്ഡ്- 1,171.73 കോടി, മധ്യപ്രദേശ്-3,307.16 കോടി, ഒഡീഷ- 3,033.10 കോടി, പഞ്ചാബ്- 5,722.78 കോടി, രാജസ്ഥാന്‍- 3,428.50 കോടി, തെലങ്കാന- 2,155.25 കോടി, പശ്ചിമ ബംഗാള്‍- 3,030.73 കോടി, ഉത്തരാഖണ്ഡ്- 1,572.21 കോടി എന്നിങ്ങനെ 23 സംസ്ഥാനങ്ങള്‍ക്കും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നഷ്ടപരിഹാരമായി തുക ലഭിക്കും. ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.
യഥാര്‍ഥ സെസ് പിരിവില്‍നിന്ന് ഓരോ രണ്ട് മാസത്തിലും സാധാരണ അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഒരുവര്‍ഷത്തെ മൊത്തം കുറവിന്റെ ഏകദേശം 50 ശതമാനം ഒരൊറ്റത്തവണയായാണ് അനുവദിച്ചത്. 2020-21 വര്‍ഷത്തില്‍ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്പയെടുത്ത് ജിഎസ്ടി നഷ്ടപരിഹാരമെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ കൈമാറുന്ന 75,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നടപ്പുവര്‍ഷം ജിഎസ്ടി കുടിശിക ഇനത്തില്‍ നല്‍കേണ്ട തുകയുടെ പകുതി വരുമെന്ന് ധനമന്ത്രലായം വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. ഇപ്പോള്‍ അനുവദിക്കുന്ന ഈ 75,000 കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ വായ്പയില്‍നിന്നാണ് ധനസഹായമായി നല്‍കുന്നത്.
അഞ്ചുവര്‍ഷത്തെ ഓഹരികളായി, മൊത്തം 68,500 കോടിയും രണ്ടുവര്‍ഷത്തെ ഓഹരികളായി ഈ സാമ്പത്തികവര്‍ഷം പുറപ്പെടുവിച്ച 6,500 കോടിയായും പ്രതിവര്‍ഷ , മൊത്തം യഥാക്രമം 5.60 ഉം 4.25 ശതമാനത്തിന്റെയും ശരാശരി നേട്ടമാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അവരുടെ ആരോഗ്യപശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റ് അടിസ്ഥാന സൗകര്യപദ്ധതികള്‍ ഏറ്റെടുക്കുന്നതിനുമൊപ്പം പൊതുചെലവ് ആസൂത്രണം ചെയ്യുന്നതിനും ഈ തുക സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.