മകളുടെ കോളജ് ഫീസ് നല്‍കാന്‍ പണമില്ല; പിതാവ് ജീവനൊടുക്കി, സംഭവം ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍
അഹമ്മദാബാദ്: മകളുടെ കോളജ് ഫീസ് അടയ്ക്കാന്‍ പണം കണ്ടെത്താന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഗുജറാത്തിലെ താപി ജില്ലയിലെ ഗോദ്ധാ ഗ്രാമത്തിലാണ് സംഭവം. ബകുല്‍ പട്ടേല്‍ (46) ആണ് മരിച്ചത്. കീടനാശിനി കഴിച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്. മോട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന ബകുല്‍ പട്ടേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതാണോയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മോശം സാഹചര്യത്തെച്ചൊല്ലി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ത്ത ഭരണകക്ഷിയായ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയപോരിനു ബകുല്‍ പട്ടേലിന്റെ ആത്മഹത്യ കാരണമായിരിക്കുകയാണ്. 21ാം നൂറ്റാണ്ടില്‍ ഇത്തരമൊരു സംഭവമുണ്ടായത് ലജ്ജാകരമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.
വിദ്യാഭ്യാസം നേടുന്നതിന് അമിത ഫീസ് നല്‍കാത്തതില്‍ ഒരു ആത്മഹത്യ കൂടി. അവരുടെ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ ബിജെപി ശ്രദ്ധിച്ചിരുന്നെങ്കില്‍, നിരവധി വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കില്ലായിരുന്നു. 21ാം നൂറ്റാണ്ടിലെ ഈ സംഭവം പോലെ ലജ്ജാകരമായ മറ്റൊന്നുമുണ്ടാവില്ല- മനീഷ് സിസോദിയ പറഞ്ഞു. മരിച്ചയാളെ തനിക്ക് നന്നായി അറിയാമെന്നും പോലിസ് പറഞ്ഞ കാരണങ്ങളാല്‍ അദ്ദേഹം ഒരിക്കലും സമ്മര്‍ദ്ദത്തിലായിട്ടില്ലെന്നും മഹുവ (പട്ടികവര്‍ഗ) സീറ്റിനെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ മോഹന്‍ ധോഡിയ പ്രതികരിച്ചു.