ഗുജറാത്ത് കലാപക്കേസ്: മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണസംഘം
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രത്യേക അന്വേഷണസംഘം (എസ്എടി) രംഗത്ത്. ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദിസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ 30 ലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ചുനല്‍കിയെന്നും അന്വേഷണസംഘം പറയുന്നു. എസ്‌ഐടി അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഗുജറാത്ത് പോലിസ് സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് വ്യാജരേഖകള്‍ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്ത തീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരേ ഗൂഢാലോചന നടത്തിയതെന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയിലെത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു.
അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും തീസ്ത കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബിജെപി നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാന്‍ ഈ കൂടിക്കാഴ്ചകളില്‍ തീരുമാനമായിരുന്നതായി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കലാപത്തിന് തൊട്ടുപിന്നാലെ തീസ്ത സെതല്‍വാദും അഹമ്മദ് പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ തീസ്തയ്ക്ക് കൈമാറിയതായുള്ള സാക്ഷിമൊഴിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടുദിവസങ്ങള്‍ക്കുശേഷം അഹമ്മദാബാദിലെ ഷാഹിബൗഗിലുള്ള സര്‍ക്യൂട്ട് ഹൗസില്‍ അഹമ്മദ് പട്ടേല്‍ 25 ലക്ഷം രൂപ തീസ്ത സെതല്‍വാദിന് നല്‍കി. ഈ പണം കലാപബാധിതരുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തതായി സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. രാജ്യസഭാംഗമാവാന്‍ തീസ്ത സെതല്‍വാദ് ആഗ്രഹിച്ചിരുന്നു. ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരെ രാജ്യസഭാംഗമാക്കിയപ്പോള്‍ തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് തീസ്ത ചോദിച്ചതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം, പരേതനായ അഹമ്മദ് പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട നികൃഷ്ടമായ ആരോപണങ്ങളെ നിശിതമായി തള്ളിക്കളയുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അവകാശവാദത്തോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കല്‍ മൂലം തന്റെ രാഷ്ട്രീയ എതിരാളികളായിരുന്ന പരേതരെ പോലും വെറുതെ വിടുന്നില്ല. എസ്‌ഐടി രാഷ്ട്രീയ യജമാനന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണ്. മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിന് ശേഷം എസ്‌ഐടി മേധാവിക്ക് നയതന്ത്ര ചുമതല നല്‍കിയത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.