മെക്‌സിക്കോ: തോക്കുധാരികള്‍ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം ആക്രമിച്ച് 24 പേരെ കൊലപ്പെടുത്തി
കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്വാനജുവാറ്റോ സംസ്ഥാനത്തെ ഇറാപുവാറ്റോയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ സായുധാക്രമണമാണിതെന്ന് പോലിസ് പറഞ്ഞു.
മെക്‌സിക്കോ സിറ്റി: മധ്യ മെക്‌സിക്കന്‍ നഗരമായ ഇറാപുവാറ്റോയില്‍ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന് നേരെയുണ്ടായ സായുധ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്വാനജുവാറ്റോ സംസ്ഥാനത്തെ ഇറാപുവാറ്റോയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ സായുധാക്രമണമാണിതെന്ന് പോലിസ് പറഞ്ഞു. ഫെഡറല്‍ സര്‍ക്കാര്‍ വൃത്തങ്ങളും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. മുറിക്കകത്ത് രക്തത്തില്‍ കുളിച്ച് 11 മൃതദേഹങ്ങള്‍ കിടക്കുന്ന ചിത്രം പോലിസ് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ സംഘര്‍ഷങ്ങളില്‍ അയവുവരുത്തുമെന്ന് വാഗ്ദാനം നല്‍കി 19 മാസങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍ അധികാരമേറ്റതിനുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.