ഗ്യാന്‍ വാപിയെ കുറിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം: അബ്ദുല്‍ ബാത്വിന്‍ നുഅ്മാനി

Update: 2024-02-14 17:18 GMT

കോഴിക്കോട്: ഗ്യാന്‍ വാപി മസ്ജിദിനെ കുറിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് ഗ്യാന്‍ വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ നുഅ്മാനി. ഹിന്ദുത്വ വംശീയതക്കെതിരേ ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനാറസിനെ കുറിച്ച് എഴുതപ്പെട്ട ചരിത്രത്തിലെവിടെയും പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉള്ളതായി പരാമര്‍ശമില്ല. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ചതാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പള്ളിയുടെ നിലവറയില്‍ തൊട്ടടുത്ത ക്ഷേത്രത്തിന്റെ സാധന സമഗ്രികള്‍ സൂക്ഷിക്കാന്‍ അനുവദിച്ചതാണ് പൂജ നടന്നിരുന്നുവെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. പള്ളിയിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന നന്ദി രൂപം ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. വുദു ഖാനയിലെ ഫൗണ്ടയില്‍ ശിവലിംഗമല്ലെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ സന്നദ്ധമായിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല. ആരാധാനാലയ നിയമം മിഥ്യാധാരണയാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ നടപടികള്‍. ആരാധാനാലയ നിയമം കോടതി പാലിക്കുമെന്നാണ് കരുതിയത്. പക്ഷേ, ഞങ്ങള്‍ നിരാശരല്ല. നിയമപോരാട്ടത്തില്‍ വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാര്‍ഗവും സ്വീകരിക്കരുതെന്ന് വാരാണസിയിലെ ജനങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാന്‍വാപിയിലെ മസ്ജിദ് മുഗള്‍ ചക്രവര്‍ത്തി അക്ബറിനും മുമ്പ് നിര്‍മിച്ചതാണ്. ഔറഗസീബിന്റെ കാലത്ത് മൂന്നാം ഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്. നേരത്തേ, മസ്ജിദിന്റെ ചില ഭാഗങ്ങളില്‍ പൂജ നടന്നിരുന്നു എന്നതും തെറ്റാണ്. താന്‍ വാരണാസിയില്‍ ജനിച്ചയാളാണ്. ഞാനോ അവിടെയുള്ള ആരെങ്കിലും അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.   


ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസയ്‌നി സമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളികള്‍ കൈയേറുന്ന തീക്കളി തകര്‍ക്കുക മുസ്‌ലിം സമുദായത്തെ മാത്രമല്ല, രാജ്യത്തെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദുത്വത്തിന്റെ മുഖ്യമന്ത്രിമാര്‍ തമ്മില്‍ വെറുപ്പ് വമിപ്പിക്കാന്‍ മല്‍സരിക്കുകയാണ്. നിയമവും കോടതിയും ഒക്കെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. രാജ്യത്ത് കൈയേറിയെന്ന് സര്‍ക്കാര്‍ തന്നെ പറയുന്ന പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയുണ്ട്. പക്ഷേ, നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിര്‍മിച്ച പള്ളി കൈയേറ്റമെന്നാരോപിച്ച് രാത്രിയുടെ മറവില്‍ പൊളിച്ചു നീക്കുന്ന അതിക്രമം അരങ്ങേറുകയാണ്. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് യുവത്വമാണ്. അതിനെ ഉപയോഗപ്പെടുത്തി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുപകരം വംശീയതയില്‍ തട്ടി തകരുകയാണ്. പക്ഷേ, ഒരിക്കലും കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് ഈ റാലി. ഭയമോ ദുഃഖമോ നിരാശയോ പടര്‍ത്താന്‍ നിങ്ങള്‍ക്കാവില്ലെന്നും അമീര്‍ പറഞ്ഞു.

    ജമാഅത്തെ ഇസ് ലാമി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി കെ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ശിഹാബ് പൂക്കോട്ടൂര്‍, ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍, എന്‍ പി ചെക്കുട്ടി, കെ കെ ബാബുരാജ്, പി സുരേന്ദ്രന്‍, ഹാഫിസ് അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി, വി എച്ച് അലിയാര്‍ ഖാസിമി, സി ടി സുഹൈബ്, എം കെ മുഹമ്മദലി, ടി മുഹമ്മദ് വേളം, അഡ്വ. തമന്ന സുല്‍ത്താന, വി ടി അബ്്ദുല്ലക്കോയ തങ്ങള്‍ സംസാരിച്ചു.

Tags:    

Similar News