ഗ്യാന്‍വാപി മസ്ജിദ് പരിസരം വഖ്ഫ് സ്വത്താണെന്ന് പള്ളി കമ്മിറ്റി കോടതിയില്‍; കേസില്‍ വാദം കേള്‍ക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി
ലഖ്‌നോ: ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നിര്‍വഹിക്കാന്‍ അനുമതി തേടിയുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. വിശ്വവേദിക് സനാതന്‍ സംഘ് നല്‍കിയ ഹരജിക്കെതിരേ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു വാരാണസി ജില്ലാ കോടതി. പള്ളിയില്‍ ആരാധന നിര്‍വഹിക്കാന്‍ അനുമതി തേടി അഞ്ച് ഹിന്ദു വനിതകള്‍ സമര്‍പ്പിച്ച ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പള്ളി കമ്മിറ്റി വാദിച്ചു. 1991ലെ ആരാധനാലയ നിയമപ്രകാരം ഹരജി നിലനില്‍ക്കില്ല. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നതിന് നിയമത്തില്‍ വിലക്കുണ്ട്.
1947 ആഗസ്ത് 15ന് മുമ്പുള്ള ആരാധനാലയങ്ങളുടെ സ്വഭാവം നിലനിര്‍ത്തണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇതിന്റെ ലംഘനമാണ് ഹിന്ദു വിഭാഗത്തിന്റെ ഹരജിയെന്നും കോടതിയില്‍ പള്ളി കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗ്യാന്‍വാപി മസ്ജിദ് പരിസരം വഖ്ഫ് സ്വത്തല്ലെന്ന ഹിന്ദു വിഭാഗത്തിന്റെ വാദങ്ങളെയും പള്ളി കമ്മിറ്റി തള്ളി. മസ്ജിദും മുഴുവന്‍ പരിസരവും വഖ്ഫ് ബോര്‍ഡിന്റേതാണ്. മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ അവകാശമുണ്ടെന്ന് 1937 ലെ ഹാജി മുഹമ്മദ് ദിന്‍ കേസിലെ വിധി തെളിയിക്കുന്നു. ഇതിനെതിരായ വാദങ്ങള്‍ തെറ്റാണ്.
മസ്ജിദ് വളപ്പില്‍ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗം ആരാധിക്കണമെന്ന ഹരജിക്കാരുടെ വാദത്തെയും കമ്മിറ്റി എതിര്‍ത്തു. അവര്‍ ഉയര്‍ത്തുന്ന എല്ലാ വാദഗതികളെയും അക്കമിട്ട് നിരത്തി കൃത്യമായി കോടതിയില്‍ പള്ളി കമ്മിറ്റിയുടെ അഭിഭാഷകന്‍ അഭയ് നാഥ് യാദവ് എതിര്‍ത്തു. കുറച്ചുനേരം വാദം കേട്ട ശേഷമാണ് ജൂലൈ നാലിലേക്ക് കേസ് മാറ്റിയത്. അതിനിടെ, ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട് മറ്റൊരു ഹരജി പരിഗണിക്കുന്നതിനിടെ കോടതി മുറിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വാരാണസിയിലെ അതിവേഗത കോടതിയിലാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്.
വാരാണസിയിലെ ജില്ലാ ജഡ്ജിക്കു മുമ്പാകെയുള്ള വാദം കേള്‍ക്കലിനു ശേഷം ഗ്യാന്‍വാപി മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വാരാണസിയിലെ അതിവേഗ കോടതിയിലെത്തിയ മറ്റൊരു കേസിലെ വാദം കേള്‍ക്കല്‍ റിപാര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് നിയമ വാര്‍ത്താ പോര്‍ട്ടലായ ബാര്‍ ആന്റ് ബെഞ്ച് ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് നഗരത്തിലെ ഒരു കീഴ്‌ക്കോടതി ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിട്ടിരുന്നു. മസ്ജിദിന്റെ വസുഖാനയില്‍ ഒരു ശിവലിംഗം കണ്ടെത്തിയതായി സര്‍വേയ്ക്ക് ശേഷം ഹിന്ദുപക്ഷം അവകാശപ്പെട്ടു.
ആരാധനാലയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദ് പരിപാലനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം ഈ മാസം ആദ്യം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും സര്‍വേ റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ അവരുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദു പക്ഷം റിപോര്‍ട്ട് ചോര്‍ത്തിയെന്നായിരുന്നു ആരോപണം. ഗ്യാന്‍വാപി സമുച്ഛയത്തിന്റെ വീഡിയോഗ്രാഫി സര്‍വേയുടെ റിപോര്‍ട്ട് എല്ലാ കക്ഷികള്‍ക്കും ലഭ്യമാക്കുമെന്ന് കോടതി വ്യക്തമായി പറഞ്ഞതായി ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ഇതിനുള്ള വ്യവസ്ഥകള്‍ എന്താണെന്ന് കോടതി മാത്രമേ പറയൂ- അദ്ദേഹം പറഞ്ഞു. ജില്ലാ ജഡ്ജി എ കെ വിശ്വേഷാണ് കേസ് പരിഗണിക്കുന്നത്.