മുത്ത്വലാഖ് ചര്‍ച്ച വിവാദം: കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചിട്ടില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍
അതേസമയം, വിഷയത്തില്‍ മുസ്്‌ലിംലീഗിനുള്ളില്‍ അവ്യക്തത തുടരുന്നുവെന്ന സൂചനകളാണു പുറത്തുവരുന്നത്.
മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്ന ദിവസം പി കെ കുഞ്ഞാലിക്കുട്ടി എംപി വിട്ടുനിന്നതു വിവാദമായതോടെ സംഭവം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നു മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി വിഷയം സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിശദീകരണവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ മുസ്്‌ലിംലീഗിനുള്ളില്‍ അവ്യക്തത തുടരുന്നുവെന്ന സൂചനകളാണു പുറത്തുവരുന്നത്.
വിഷയത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയതായി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നിഷേധിക്കുകയാണ്. ഇതോടെ, പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ക്കിടയിലെ ആശയക്കുഴപ്പവും മറനീക്കുകയാണ്. ഏതായാലും മുസ്്‌ലിം സമുദായത്തെ സംബന്ധിച്ചുള്ള സുപ്രധാനമായ മുത്ത്വലാഖ് ബില്ലിനെ ചൊല്ലി ലോക്‌സഭയില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ മലപ്പുറത്ത് നിന്നുള്ള ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി എത്താതിരുന്നത് വന്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. നിര്‍ണായകഘട്ടത്തില്‍ ലീഗ് എംപി മുങ്ങിയെന്നും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെമെന്ന വാഗ്ദാനം പാഴായെന്നുമാണ് വിമര്‍ശനം. മുമ്പ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലും നിര്‍ണായക വോട്ടെടുപ്പ് ദിനം പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തായിരുന്നു. ഇത്തവണ പ്രവാസി വ്യവസായിയുടെ മകന്റെ നികാഹിലായിരുന്നു കുഞ്ഞാലിക്കുട്ടി.