ഹെയ്തി പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു
സ്വകാര്യ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസ്(53) കൊല്ലപ്പെട്ടത്. സ്വകാര്യവസതിയിലേക്ക് അതിക്രമിച്ച കയറിയ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പോര്‍ട്ടോ പ്രിന്‍സ്: കാരിബീയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രസിഡന്റ് കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. സ്വകാര്യ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസ്(53) കൊല്ലപ്പെട്ടത്. സ്വകാര്യവസതിയിലേക്ക് അതിക്രമിച്ച കയറിയ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
ഭാര്യ മാര്‍ട്ടിനെ മോയിസെക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് സ്ഥിരീകരിച്ചു.
പ്രസിഡന്റിന്റെ കൊലപാതകം വെറുപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് പ്രതികരിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന ഹെയ്തിയില്‍ നേരത്തെ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ വധം.
രാജ്യം തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി രാജ്യത്ത് പ്രസിഡന്റ് ഭരണമാണ്. എന്നാല്‍, പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് അടുത്തിടെ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു.