കൊവിഡ്: സംസം വിതരണത്തിന് ഹറമില്‍ പുതിയ സംവിധാനം; വലിയ കാനുകള്‍ക്കു പകരം ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടില്‍
ആഷിഖ് ഒറ്റപ്പാലം, മക്ക
മക്ക: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്കു ഹറം പള്ളിയില്‍ നിന്നുള്ള സംസം പുണ്യജല വിതരണത്തിനു പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് നേരത്തേ ഉണ്ടായിരുന്ന വലിയ കാനുകള്‍ എടുത്തു മാറ്റി പകരം സംസം വെള്ളം നിറച്ച ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് ഇനി വിതരണം ചെയ്യുത. 57 ജീവനക്കാര്‍ ദിനംപ്രതി പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് വിതരണം ചെയ്യുക. നേരത്തേ ഹറമില്‍ സംസം ലഭിച്ചിരുന്ന പൈപ്പുകളെല്ലാം അടച്ചിരിക്കുകയാണ്.
തീര്‍ത്ഥാടകര്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷണം ലഭിക്കുന്നത് ഉറപ്പ് വരുത്തുമെന്ന് സൗദി ഫുഡ് അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധന നടത്തും. വഴിയോര കച്ചവടക്കാരില്‍ നിന്നു ഭക്ഷണം വാങ്ങാതിരിക്കുക, ഭക്ഷണ കാലാവധി നോക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഫുഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ, ഹാജിമാരെ സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ബസ്സുകളിലാണ് എത്തിക്കുന്നത്. 80 പേര്‍ക്ക് ഇരിക്കാവുന്ന 40 സീറ്റുകളില്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ 40 പേരെ വീതമാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിക്കുന്നത്. തുടര്‍ന്ന് മുഴുവന്‍ പേരെയും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ 10000 തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ഹജ്ജ് കര്‍മത്തിനു അനുമതി ലഭിച്ചിട്ടുള്ളത്. കര്‍ശന സുരക്ഷാ പരിശോധനയും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ ഹജ്ജിനു മുമ്പും ശേഷവും ക്വാറന്റൈനില്‍ കഴിയണം.
Hajj 2020: Covid-New system for distribution of Zam Zam in Haram