ജിദ്ദ: വിശുദ്ധ ഭൂമിയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യാന്‍ 5000 വോളന്റിയര്‍മാരെ ഐസിഎഫ്, ആര്‍എസ്‌സിയും രംഗത്തിറക്കും. കഴിഞ്ഞ 14 വര്‍ഷത്തെ നിസ്വാര്‍ഥ സേവന പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം കൂടുതല്‍ വോളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. മിനയിലും മുസ്ദലിഫയിലും അറഫയിലും ഹാജിമാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമേവാന്‍ വോളന്റിയര്‍മാര്‍ക്കാവും. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്കും സേവനം ലഭ്യമാക്കും. ഇത്തരത്തിലുള്ള ഹാജിമാര്‍ക്ക് വേണ്ടി ഭാഷാ പരിജ്ഞാനവും സേവനപരിചയവുമുള്ള വോളന്റിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
ആദ്യ ഹജ്ജ് സംഘം ഇറങ്ങിയതു മുതല്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലെ താമസ സ്ഥലങ്ങളിലും ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ നിലവില്‍ വോളന്റിയര്‍മാര്‍ ചെയ്തു വരുന്നുണ്ട്. ദുല്‍ഹിജ്ജ ഒമ്പതു മുതല്‍ അറഫ, മിന, മുസ്ദലിഫ, അസീസിയ, ബസ് സ്‌റ്റേഷനുകള്‍, മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ക്ക് പുറമെ ഹറം, അജിയാദ്, അസീസിയ പരിസരങ്ങളിലും സദാസമയവും വോളന്റിയര്‍ സേവനം ലഭ്യമാക്കുന്നതിന് വിവിധ ഷിഫ്റ്റുകളിലായി വോളന്റിയര്‍മാരെ രംഗത്തിറക്കും. ഐസിഎഫ്, ആര്‍എസ്‌സി വോളന്റിയര്‍മാരുടെ സേവന മികവിനെ രാജ്യത്തിന്റെ നിയമപാലകരും സൗദി മെഡിക്കല്‍ ടീമും ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രശംസിച്ചുണ്ട്. രാജ്യത്തിന്റെ 31 സെന്‍ട്രലുകളില്‍ നിന്നുമുള്ള 5000 വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കാനും കൃത്യതയോടെയും വേഗതയോടെയും ഹാജിമാര്‍ക്ക് സേവനം ലഭ്യമാക്കാനും സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ രക്ഷാകര്‍തൃത്തില്‍ നാഷനല്‍ ഡ്രൈവ് നിലവില്‍ വന്നിട്ടുണ്ട്. സിറാജ് കുറ്റിയാടി, സാദിഖ് ചാലിയാര്‍, ബഷീര്‍ ഉള്ളണം, മന്‍സൂര്‍ ചുണ്ടമ്പറ്റ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇലക്ട്രോണിക് വീല്‍ ചെയറുകള്‍, മറ്റു സേവന സാമഗ്രികള്‍ മുഴുസമയ ഹെല്‍പ്പ്‌ഡെസ്‌ക്, മെഡിക്കല്‍ വിങ്, സ്‌കൊളേഴ്‌സ് ഡെസ്‌ക് എന്നിവയും സേവനസ്ഥലത്ത് ഹാജിമാര്‍ക്ക് വേണ്ടി ലഭ്യമാക്കും. ഹാജിമാരുടെ കുടുംബങ്ങള്‍ക്ക് വോളന്റിയര്‍മാരുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍, മക്ക ഹറം പരിസരങ്ങള്‍ അസീസിയ ഏരിയകള്‍ ഉള്‍പ്പടെ, ബില്‍ഡിങ് ലൊക്കേഷന്‍ മാപ്പ് ഉപയോഗിച്ച് വഴിതെറ്റിയ ഹാജിമാരെ ലക്ഷ്യസ്ഥലത്തെത്തിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള വെല്‍ക്കം കിറ്റ്, കുടകള്‍, ചെരിപ്പുകള്‍, അത്യാവശ്യസാധനങ്ങള്‍ എല്ലാം വോളന്റിയര്‍ കോര്‍ ഹാജിമാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിനായി നാഷനല്‍ ഡ്രൈവ് ടീമിന്റെ മേല്‍നോട്ടത്തില്‍ 15 ഉപ സമിതികളും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വോളന്റിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഹബീബ് അല്‍ ബുഖാരി ഐസിഎഫ് നാഷനല്‍ പ്രസിഡന്റ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍, ഐസിഎഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി നൗഫല്‍ എറണാകുളം, ഗ്ലോബല്‍ ജി ഡി സെക്രട്ടറി സാദിഖ് ചാലിയാര്‍, ഗ്ലോബല്‍ മീഡിയാ സെക്രട്ടറി, സിറാജ് കുറ്റിയാടി ഐസിഎഫ് നാഷനല്‍ വൈല്‍ഫയര്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, ഐസിഎഫ് നാഷനല്‍ ഓര്‍ഗനൈസെഷന്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടമ്പറ്റ സംബന്ധിച്ചു.