ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി;മലയാളി തീര്‍ഥാടകരുടെ മടക്കയാത്ര വെള്ളിയാഴ്ച ആരംഭിക്കും

ആദ്യ സംഘം വെള്ളിയാഴ്ച രാത്രി 10:45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തും. സഊദി സമയം വൈകുന്നേരം അഞ്ചിന് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന സഊദി അറേബ്യന്‍ എയര്‍ ലൈന്‍സിന്റെ എസ് വി 5702 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ഥാടകരാണ് ഉണ്ടാവുക.ജൂണ്‍ നാലിന് ആദ്യ വിമാനത്തില്‍ പുറപ്പെട്ട തീര്‍ഥാടകരാണ് മടക്ക യാത്രയുടെ ആദ്യ വിമാനത്തില്‍ എത്തുന്നത്

Update: 2022-07-13 08:56 GMT

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മമ്മത്തിന് പുറപ്പെട്ട ഹാജിമാരില്‍ നിന്നുള്ള ആദ്യ സംഘം വെള്ളിയാഴ്ച രാത്രി 10:45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തും. സഊദി സമയം വൈകുന്നേരം അഞ്ചിന് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന സഊദി അറേബ്യന്‍ എയര്‍ ലൈന്‍സിന്റെ എസ് വി 5702 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ഥാടകരാണ് ഉണ്ടാവുക.ജൂണ്‍ നാലിന് ആദ്യ വിമാനത്തില്‍ പുറപ്പെട്ട തീര്‍ഥാടകരാണ് മടക്ക യാത്രയുടെ ആദ്യ വിമാനത്തില്‍ എത്തുന്നത്.

ആദ്യ സംഘത്തെ സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഹൈബി ഈഡന്‍ എം പി അന്‍വര്‍ സാദത്ത് എംഎല്‍ എ, എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, എയര്‍പോര്‍ട്ടിലെ വിവിധ ഏജന്‍സി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ക്യാംപ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. രണ്ടാമത്തെ വിമാനം അര്‍ദ്ധരാത്രി (16.7.2022) 12.40 ന് എത്തിച്ചേരും.

തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിയാലില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിനു പുറത്ത് എത്തുന്ന ഹാജിമാര്‍ക്ക് കവര്‍ നമ്പര്‍ പ്രകാരം ലഗേജ് ലഭ്യമാക്കുന്നതിനു പ്രത്യേക വോളണ്ടിയര്‍മാര്‍ സേവനത്തിനുണ്ടാവും.

ടെര്‍മിനല്‍ മൂന്നില്‍ ഗ്രൗണ്ട് പില്ലര്‍ നം. എഴ്, എട്ട് ഭാഗങ്ങളലൂടെയാണ് ഹാജിമാര്‍ പുറത്തേക്ക് എത്തുക.ഓരോ ഹാജിമാര്‍ക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം എയര്‍പോര്‍ട്ടില്‍ നിന്നും നല്‍കും. ഇത് സഊദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തിച്ചിരുന്നു.ഓഗസ്റ്റ് ഒന്നു വരെ 21 വിമാനങ്ങളിലായാണ് ഹാജിമാരുടെ മടക്ക യാത്ര ക്രമീകരിച്ചിട്ടുള്ളത്.

അതേസമയം ജംറകളിലെ കല്ലേര്‍ കര്‍മ്മം പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോട് യാത്ര പറഞ്ഞ് ഹാജിമാര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അസീസിയ്യയിലെ താമസ സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. വരും ദിവസങ്ങളില്‍ ഹാജിമാര്‍ വിടവാങ്ങല്‍ തവാഫ് നിര്‍വ്വഹിക്കും. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര ഇത്തവണ ആദ്യ ഘട്ടത്തിലായതിനാല്‍ ഹജ്ജിനു മുമ്പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. ഹാജിമാരുടെ മടക്കയാത്രയുടെ വിമാന സമയത്തിനനുസരിച്ച് താമസ സ്ഥലത്ത് നിന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പ്രത്യേക ബസ്സില്‍ മുത്വവ്വിഫുമാരുടെ നേതൃത്വത്തില്‍ ജിദ്ദയിലെ വിമാനത്താവളത്തില്‍ എത്തിക്കും.

മടക്കയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ബില്‍ഡിങ്ങ് കേന്ദ്രീകരിച്ചും ഹാജിമാര്‍ക്ക് പ്രത്യേക അറിയിപ്പുകള്‍ നല്‍കും. ഇതു സംബന്ധമായി ഹജ്ജ് കമ്മിറ്റി വോളണ്ടിയര്‍മാരുടെ യോഗം ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കും.

ജൂണ്‍ 4 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായി 21 വിമാനങ്ങളിലായി 7727 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെട്ടത്. ഇതില്‍ 5766 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 1672 പേര്‍ തമിഴ്‌നാട്, 143 പേര്‍ ലക്ഷദ്വീപ്, 103 പേര്‍ അന്തമാന്‍, 43 പേര്‍ പോണ്ടിച്ചേരി എന്നീ സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്.

Tags:    

Similar News