ബഹ്‌റൈനി അഭയാര്‍ഥി ഫുട്‌ബോളറെ തായ്‌ലന്റ് വിട്ടയച്ചു
അറൈബിയെ വിട്ടുകിട്ടണമെന്ന ആവശ്യം ബഹ്‌റൈന്‍ പിന്‍വലിച്ചതോടെയാണിത്. ബഹ്‌റൈനിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഹക്കീം കോടതിയെ സമീപിച്ചിരുന്നു.
ബാങ്കോക്ക്: ആസ്‌ത്രേലിയയില്‍ അഭയാര്‍ത്ഥി പദവിയുള്ള ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയെ തായ്‌ലന്റ് മോചിപ്പിച്ചു.അറൈബിയെ വിട്ടുകിട്ടണമെന്ന ആവശ്യം ബഹ്‌റൈന്‍ പിന്‍വലിച്ചതോടെയാണിത്. ബഹ്‌റൈനിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഹക്കീം കോടതിയെ സമീപിച്ചിരുന്നു.
ബഹ്‌റൈന്‍ ദേശീയ ടീമിലെ ഡിഫന്‍സ് താരമായിരുന്ന ഹക്കീം അറൈബി 2011ല്‍ അറബ് വിപ്ലവ കാലത്താണ് സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് ബഹ്‌റൈനിന്ന് കടന്നത്. ഓസ്‌ട്രേലിയയില്‍ അഭയം തേടിയ ഹക്കീം മെല്‍ബണില്‍ സെക്കന്റ് ഡിവിഷന്‍ ക്ലബിന്റെ താരമായിരുന്നു. പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന കേസില്‍ ബഹ്‌റൈന്‍ ഹക്കീമിനെതിരെ ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
നവംബറില്‍ ഭാര്യയ്‌ക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ നവംബറില്‍ തായ്‌ലാന്റില്‍ എത്തിയപ്പോഴാണ് ബഹ്‌റൈന്റെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച ഹക്കീം അറസ്റ്റിലാവുന്നത്.
ഭാര്യയെ തായ്‌ലാന്റ് നേരത്തേ മോചിപ്പിച്ചിരുന്നു.തായ്‌ലാന്റ് വിട്ടയച്ചതോടെ ഹക്കീം ഇനി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകും. അഭയാര്‍ത്ഥി പരിഗണനയുള്ള ഹക്കീമിന് സുരക്ഷ നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് ഓസ്‌ട്രേലിയ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.
2014 മുതല്‍ പട്ടാള ഏകാധിപത്യത്തിന് കീഴിലുള്ള തായ്‌ലാന്റ് രാഷ്ട്രീയ അഭയം തേടിവരുന്നവരെ തിരിച്ചയച്ചിരുന്നു. ഹക്കീമിനെയും ഇതുപോലെ തിരിച്ചയ്ക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭയപ്പെട്ടിരുന്നു.ഷിയാ വിഭാഗത്തില്‍പ്പെട്ടയാളാണ് ഹക്കീം അല്‍ അറൈബി. സുന്നി ഭൂരിപക്ഷമുള്ള ബഹ്‌റൈന്‍ അറബ് വിപ്ലവകാലത്തടക്കം ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്തിയ ഷിയാ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്.