
ഗസ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുഹമ്മദ് ദെയ്ഫ് രക്തസാക്ഷിയായെന്ന് ഹമാസ്. കഴിഞ്ഞ ജൂലൈയില്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് രക്തസാക്ഷിയായെന്നാണ് ഹമാസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മിലിട്ടറി കമാന്‍ഡറായ മര്‍വാന്‍ ഇസയും രക്തസാക്ഷിയായിട്ടുണ്ട്.അഹമദ് അല്‍ ഘാന്‍ഡൂര്‍, അയ്മാന്‍ നോഫല്‍, റാഫി സലാമ, റഈദ് താബെറ്റ്, ഗാസി തമ എന്നിവരും രക്തസാക്ഷികളായിട്ടുണ്ട്.

1948ല്‍ ജൂത സൈനിക സംഘങ്ങള്‍ പുറത്താക്കിയ ഫലസ്തീനി കുടുംബത്തിലെ അംഗങ്ങളുടെ മകനായി ഗസയിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാംപിലാണ് 1965ല്‍ മുഹമ്മദ് മസ്‌രി എന്ന മുഹമ്മദ് ദെയ്ഫ് ജനിച്ചത്. 1987ല്‍ ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഹമാസില്‍ ചേര്‍ന്നതിന് ശേഷമാണ് മുഹമ്മദ് ദെയ്ഫ് എന്ന പേര് സ്വീകരിച്ചത്. അറബിക് ഭാഷയില്‍ ദെയ്ഫ് എന്നാല്‍ സന്ദര്‍ശകന്‍, അതിഥി എന്നൊക്കെയാണ് അര്‍ത്ഥം. ഗസ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. 1989ല്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത് 16മാസം ജയിലില്‍ ഇട്ടു. 2002ല്‍ അല്‍ ഖസ്സം സ്ഥാപകരിലൊരാളായ സലാഹ് ശെഹാദത്ത് രക്തസാക്ഷിയായപ്പോള്‍ അല്‍ഖസ്സം ബ്രിഗേഡിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു.
ഇസ്രായേല്‍ സൈന്യം നിരവധി തവണ മുഹമ്മദ് ദെയ്ഫിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു തവണ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഒരു കണ്ണ് നഷ്ടപ്പെടുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ അധികമായി ഹമാസില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് ദെയ്ഫ് ടണലുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും നിര്‍മാണത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 2014ല്‍ ദെയ്ഫിന്റെ ഭാര്യയേയും ഏഴു മാസം പ്രായമുള്ള മകനെയും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സ തുടങ്ങിയപ്പോള്‍ തന്നെ ദെയ്ഫിന്റെ ഓഡിയോ സന്ദേശം ഹമാസ് പുറത്തുവിട്ടിരുന്നു.