ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര്‍ റിലീസായി

Update: 2025-01-05 14:26 GMT

തിരുവനന്തപുരം: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാര്‍ സിനിമയില്‍ തിരിച്ചെത്തുന്നു. തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ജഗതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ജഗതിയുടെ 74ാം പിറന്നാള്‍ കൂടിയാണ് ഇന്ന്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. ബിട്ടിഷ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രക്കസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം. കോമഡിയുടെ മാസ്റ്റര്‍ തിരിച്ചെത്തിയെന്ന് ഈ പോസ്റ്റര്‍ പങ്കുവെച്ച് സിനിമാതാരം അജുവര്‍ഗീസ് ഫേസ്ബുക്കില്‍ പറഞ്ഞു.



2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇടയില്‍ സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

1951 ജനുവരി അഞ്ചിന് നാടകാചാര്യന്‍ ജഗതി എന്‍ കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ച ശ്രീകുമാര്‍ സ്‌കൂള്‍ പഠനകാലത്ത് തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം നേടി.

സിനിമയ്ക്കായി മദ്രാസിലേക്ക് വണ്ടി കേറി. അവിടെ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യം ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്. 1973ല്‍ റിലീസ് ചെയ്ത ചട്ടമ്പിക്കല്യാണിയായിരുന്നു ആദ്യ സിനിമ.

Tags:    

Similar News