കൊവിഡ് വ്യാപനം; ഹരിയാനയില്‍ ഹോളി ആഘോഷങ്ങള്‍ നിരോധിച്ചു
ഉല്‍സവ സീസണുകള്‍ കണക്കിലെടുത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോളി ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഹോളി ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു. ഉല്‍സവ സീസണുകള്‍ കണക്കിലെടുത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോളി ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയത്.
മാര്‍ച്ച് അവസാനം മുതല്‍ ഹോളിക്ക് പുറമെ നവരാത്രി, രാമ നവമി, ബിഹു, ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍ തുടങ്ങിയ വിവിധ ആഘോഷങ്ങള്‍ വരികയാണ്. ഈ ആഘോഷങ്ങള്‍ പൊതുവെ ആചരിക്കുന്നതിനും പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സംസ്ഥാനങ്ങള്‍ ആലോചിക്കണമെന്നാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം. ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കുന്നതിനായി 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കണമെന്നും കേന്ദ്രം അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ആഘോഷങ്ങള്‍ക്കും മറ്റും ഡല്‍ഹി സര്‍ക്കാരും കഴിഞ്ഞദിവസം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച് വിപണികളിലും മാളുകളിലും കൊവിഡ് സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ, ബസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വൈറസ് പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുംബൈയില്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഹോളി ആഘോഷങ്ങള്‍ സ്വകാര്യ, പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഘോഷയാത്രയും ഒത്തുചേരലും നടത്തുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരും ചൊവ്വാഴ്ച നിരോധിച്ചു. വൈറസ് ബാധ അപകടം സൃഷ്ടിക്കുന്ന 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 10 വയസ്സിന് താഴെയുള്ളവര്‍ക്കും പൊതുസ്ഥലത്ത് നിയന്ത്രണങ്ങളുണ്ട്. ചണ്ഡിഗഢ്, ഗുജറാത്ത്, ഒഡീഷ സര്‍ക്കാരുകളാണ് ഹോളി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ മറ്റ് സ്ഥലങ്ങള്‍.