ഹരിയാന മഹിളാ കോൺഗ്രസ്സ് അധ്യക്ഷയും ബിജെപിയിലേക്ക്
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ വിയോജിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു.
ഛണ്ഡീഗഡ്: ഹരിയാനയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ബരാല സ്വാഗതം ചെയ്തു. ഇതിനോടകം നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ വിയോജിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു. സംസ്ഥാനത്ത് മനോഹർ ലാൽ ഖട്ടാറിന്റെ ഭരണത്തിൽ സന്തുഷ്‌ടയാണെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനത്തുള്ള ഉൾപ്പാർട്ടി പോരിന് അവസാനം കാണാൻ കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന കുമാരി സെൽജയ്ക്കാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകിയത്. അടുത്ത മാസമാണ് ഹരിയാനയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക.