അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണം: രാഹുല്‍ ഗാന്ധി
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വിശദീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റാലി നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വിശദീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റാലി നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസിന്റെ കാലത്ത് അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ ഇന്ത്യ കയ്യും നീട്ടി ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തിരുന്നതെന്നും എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ശത്രുവിനെ അതിന്റെ മടയില്‍ കയറി നേരിട്ടത് മോദി സര്‍ക്കാറാണെന്നും ഷാ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന 'സത്യം എല്ലാവര്‍ക്കും അറിയാമെന്നും ഹൃദയത്തെ സന്തോഷിപ്പിച്ചു നിര്‍ത്താന്‍ ഷാക്ക് ഈ വിചാരങ്ങള്‍ ഉപകാരപ്പെടുമെന്നും' രാഹുല്‍ കുറിച്ചു.
അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്റെ വരികള്‍ ഉപയോഗിച്ചാണ് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചത്. ഇതിന് മറ്റൊരു കവിതയുമായി രാജ്‌നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്.
'സബ്‌കോ മാലൂം ഹൈ സീമാ കെ ഹഖീഖത്ത് ലേകിന്‍' എന്ന ഈ വരികള്‍ക്ക് മിര്‍സാ ഗാലിബിന്റെ പ്രശസ്തമായ ഒരു പദ്യ ശകലവുമായി സാമ്യത ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് 'ഹൃദയത്തിന് ചികില്‍സ വേണ്ടിവന്നാല്‍ അത് നല്‍കാം, എന്നാല്‍ ഹൃദയം തന്നെയാണ് രോഗമെങ്കില്‍ എന്തു ചെയ്യും' എന്ന മന്‍സര്‍ ലഖ്‌നവിയുടെ കവിതയില്‍ ചെറിയൊരു മാറ്റം വരുത്തി രാജ്‌നാഥ് രംഗത്തെത്തിയത്. ഹൃദയം എന്ന വാക്കിന്റെ സ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്‌നമായ കൈ എന്നു തിരുത്തിയാണ് രാജ്‌നാഥ് ട്വീറ്റ് ചെയ്തത്. ഇതെ തുടര്‍ന്നാണ് ലഡാക്കിലെ കയ്യേറ്റ വിഷയത്തില്‍ പ്രതിരോധ മന്ത്രിയെ നേര്‍ക്കു നേരെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയത്. ചൈനയുടെ അതിര്‍ത്തിയിലെ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.