കാലവര്‍ഷം: സംസ്ഥാനത്ത് 342 ക്യാംപുകളിലായി 3530 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്.
തിരുവനന്തപുരം: മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാംപുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തം 11,446 പേരാണ് ക്യാംപുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ ഉള്ളത് വയനാട് ജില്ലയിലാണ്. 69 ക്യാംപുകളിലായി 3795 പേരെയാണവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട 43 ക്യാംപുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാംപുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാംപുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാംപുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാംപുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു.
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാറിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മില്ലിമീറ്ററും 157.2 മില്ലിമീറ്ററും മഴയാണ്. ഈ സമയത്തിനുള്ളില്‍ 7 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത. 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേയ്ക്ക് എത്തിക്കാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദ്ദേശം നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാലക്കുടി ബേസിനില്‍ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പറമ്പിക്കളം ആളിയാര്‍ പ്രൊജക്ടിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയില്‍ 182 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 5,348 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു.
വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങള്‍ കയറ്റിയ ലോറികളില്‍ 20 മത്സ്യ തൊഴിലാളികളാണ് കൊല്ലം ഹാര്‍ബറില്‍ നിന്നും തിരിച്ചത്.
പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്പ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാര്‍ ഡാമിന്റെയും ജലസേചന വകുപ്പിന്റെ കീഴിലുള്ള മണിയാര്‍ സംഭരണിയുടെയും സ്പില്‍വേകള്‍ തുറന്നിട്ടുണ്ട്. മൂഴിയാര്‍ കക്കി റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വെള്ളം കയറാന്‍ സാധ്യതയുള്ള സിഎഫ്എല്‍ടിസികളിലെ കോവിഡ് രോഗികളെ മറ്റു സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാനുള്ള നടപടികള്‍ അംഗീകരിച്ചു.
പമ്പ നദിയുടെ കൈവഴികളുടെ തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടി താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അവിടെ 139 പേര്‍ നിലവില്‍ താമസിക്കുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകള്‍ ആണ് തുറന്നത്. വാളയാര്‍ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കി. 14 പ്രശ്‌ന സാധ്യത മേഖലകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഈ മേഖലകളിലെ മണ്ണിടിച്ചിലില്‍ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.
നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ 209 ബോട്ടുകള്‍ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചു.
വയനാട് ജില്ലയില്‍ വ്യാപക കൃഷിനാശമുണ്ടായി. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1154 കുടുംബങ്ങളിലായി 4072 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവരില്‍ 2235 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്.
മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തു വിടേണ്ടി വരും.
കണ്ണൂര്‍ ജില്ലയില്‍ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപാകടകരാംവിധം ഉയര്‍ന്നിട്ടുണ്ട്. വളപട്ടണം. മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കി. ജില്ലയിലെ എല്ലാ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം ഓഗസ്റ്റ് 14 വരെ വിലക്കി.
കാസര്‍കോട് കൊന്നക്കാട് വനത്തിനകത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. കാലിക്കടവ് കുന്നുംകൈ റോഡിലും പെരുമ്പട്ടയിലും വെള്ളം കയറി. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
വയനാട് ജില്ലയിലെ തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റിയാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളത്.
അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി. നാളെ ഇടുക്കി, മലപ്പുറം, വയനാട്.
ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടസാധ്യത വര്‍ധിപ്പിക്കും.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. മറ്റന്നാള്‍ മലപ്പുറം, കണ്ണൂര്‍.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്.
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.