സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തമിഴ്‌നാട്ടില്‍ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2024-01-08 06:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുണ്ടായ അന്തരീക്ഷ മാറ്റം കാരണമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്കു സാധ്യത ചൂണ്ടിക്കാട്ടുന്നത്. ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെടുകയും ന്യൂനമര്‍ദ പാത്തി ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീളുകയും ചെയ്യുന്നുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് മേഖലകളിലും ഉച്ചയ്ക്കു ശേഷം ഇടിയോടുകൂടിയുള്ള ശക്തമായ മഴ പ്രതീക്ഷിക്കാം. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയും കൊച്ചി മുതല്‍ കൊല്ലം വരെയുള്ള തീരദേശങ്ങളിലാണ് മഴ സാധ്യത. ഈ മാസം 10 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് റിപോര്‍ട്ട്.

    അതിനിടെ, ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവാരൂരില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞ് ഒമ്പത് വയസ്സുകാരി മരണപ്പെട്ടു. വില്ലുപുരം, കുടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, ചെങ്കല്‍പട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ സ്‌കൂളുകള്‍ക്കും അവധിയാണ്.

Tags:    

Similar News