കൊച്ചി: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ അറിയില്ലെന്നും എന്നാല്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നില്ലെന്നും 'അമ്മ' ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളാേട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗ്രൂപ്പും വിചാരിച്ചാല്‍ ആരെയും മാറ്റിനിര്‍ത്താനാവില്ല. വിജയത്തിനു പിന്നാലെയാണ് സിനിമ പോവുക. റിപോര്‍ട്ട് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കാര്യനമ്മളൊന്നും അറിയാത്ത കുറേ കാര്യങ്ങളാണ് റിപോര്‍ട്ടിലുള്ളത്. സോണിയാ തിലകന്‍ പരാതി നല്‍കിയിട്ടില്ല. അവര്‍ എത്ര മനോഹരമായാണ് അതിനെ കൈകാര്യം ചെയ്തതെന്ന് ബഹുമാനത്തോടെ പറയുന്നു. അമ്മയില്‍ ഇപ്പോള്‍ ഇന്റേണല്‍ കമ്മിറ്റിയില്ല. മലയാള സിനിമയില്‍ മാഫിയകളില്ല. മാഫിയയുടെ അര്‍ഥം അറിയാതെയാണോ അത്തരത്തിലൊരു പരാമര്‍ശം എന്നറിയില്ല. റിപോര്‍ട്ടില്‍ പറയുന്നത് ആരെക്കുറിച്ചാണെന്നറിയില്ല. 506 അംഗങ്ങളുള്ള സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ്. അതിനാല്‍ തന്നെ ആര്‍ക്കും ക്ലിന്‍ചിറ്റ് കൊടുക്കാനോ കൊടുക്കാതിരിക്കാനോ കഴിയില്ല. റിപോര്‍ട്ടിന്‍മേല്‍ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പഴയ കാലത്തേക്കാള്‍ ഒരുപാട് സൗകര്യങ്ങളുണ്ട്. അഞ്ചു വര്‍ഷം മുമ്പത്തെ പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍. ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. റിപോര്‍ട്ട് പുറത്തുവരണമെന്നോ വരരുതെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. അതേസമയം, ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല, നടിമാരായ ജോമോള്‍, അനന്യ, വിനു മോഹന്‍ സംബന്ധിച്ചു.