ജാര്‍ഖണ്ഡില്‍ ബിജെപി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങും: ഹേമന്ത് സോറന്‍

Update: 2024-09-14 04:22 GMT

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ബിജെപി അതിന്റെ വലിയ വലിയ നേതാക്കളെ ഉപയോഗിച്ച് സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും സോറന്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കുള്ള 'ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മയാന്‍ സമ്മാന്‍ യോജന പദ്ധതി'യുടെ രണ്ടാം ഗഡു പ്രഖ്യാപിച്ച് ബൊക്കാറോയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ബിജെപിക്കെതിരേ ഹേമന്ത് സോറന്‍ ആഞ്ഞടിച്ചത്. '2019 ഡിസംബറില്‍ നമ്മുടെ സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ ജാര്‍ഖണ്ഡിലെ എംഎല്‍എമാരെയും എംപിമാരെയും വിലയ്ക്കുവാങ്ങാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതു പോലെയാണ് അവര്‍ നേതാക്കളെ വിലയ്ക്കു വാങ്ങുന്നത്. അതിനവര്‍ക്ക് ധാരാളം പണവുമുണ്ട്. എന്നാല്‍, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനോ പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കാനോ പെണ്‍കുട്ടികള്‍ക്ക് ഗ്രാന്റ് നല്‍കാനോ വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളാനോ അവര്‍ക്കു പണമില്ല'. സോറന്‍ ആരോപിച്ചു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഈ മാസം ഒടുവില്‍ ജാര്‍ഖണ്ഡില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തെക്കുറിച്ച് പരിഹസിക്കാനും സോറന്‍ മറന്നില്ല. 'തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ബിജെപി മെഷിനറി ജാര്‍ഖണ്ഡില്‍ സജീവമാവും. ഒന്നിനുപിറകെ മറ്റൊന്നായി വലിയ നേതാക്കള്‍ സംസ്ഥാനത്തെത്തും. അവര്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലും ആദിവാസികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയിലും വിഭജനം സൃഷ്ടിക്കുന്ന തരത്തില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തും. അവര്‍ക്കു കഴിയുന്നതുപോലെയെല്ലാം അവര്‍ ചെയ്യട്ടെ. നിങ്ങളുടെ അനുഗ്രഹത്തോടെ നമ്മുടെ സഖ്യസര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പില്‍ അവര്‍ക്കു സമ്മാനിക്കാന്‍ പോവുന്നത് നിന്ദ്യമായ പരാജയമായിരിക്കും'. ഹേമന്ത് സോറന്‍ പറഞ്ഞു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്ന സഖ്യസര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത്.

Tags:    

Similar News