മോദി ജയിച്ച് അഞ്ചുദിവസത്തിനകം രാജ്യത്ത് നടന്ന മുസ്‌ലിം-ദലിത് അതിക്രമങ്ങള്‍ ഇവയാണ്

വീണ്ടും മോദി അധികാരത്തിലെത്തിയ ശേഷം രാജ്യം അശാന്തതയിലേക്ക് നീങ്ങുന്നു. 23ന് ശേഷം അഞ്ചു ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് ആറിടത്താണ് മുസ്‌ലിം-ദലിത് സമുദായങ്ങള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ നടന്നത്. എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമ്പോഴും രാജ്യത്തിന്റെ പ്രധാന കോണുകളില്‍ ഹിന്ദുത്വര്‍ അതിക്രമം തുടരുകയാണ്.

Update: 2019-05-27 11:30 GMT

വീണ്ടും മോദി അധികാരത്തിലെത്തിയ ശേഷം രാജ്യം അശാന്തതയിലേക്ക് നീങ്ങുന്നു. 23ന് ശേഷം അഞ്ചു ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് ആറിടത്താണ് മുസ്‌ലിം-ദലിത് സമുദായങ്ങള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ നടന്നത്. എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമ്പോഴും രാജ്യത്തിന്റെ പ്രധാന കോണുകളില്‍ ഹിന്ദുത്വര്‍ അതിക്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുണ്ടായ അതിക്രമങ്ങള്‍ ഇവയാണ്...

1. റായ്പൂരില്‍ മുസ്‌ലിം യുവാവിന്റെ പാല്‍ വില്‍പനകേന്ദ്രം ബജ്‌റംഗ്ദള്‍ തകര്‍ത്തു

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ മുസ്‌ലിം യുവാവ് നടത്തുന്ന പാല്‍ വില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തത്. ബീഫ് വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.റായ്പുരിലെ ഗോകുല്‍ നഗറില്‍ സ്ഥിതിചെയ്യുന്ന ഉസ്മാന്‍ ഖുറേഷിയുടെ പാല്‍ വില്‍പന കേന്ദ്രത്തിലേക്ക് ഗോ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചുകയറി ഖുറേഷിയെയും സഹായിയേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

2. പാകിസ്താനിലേക്ക് പോകൂ എന്നാക്രോശിച്ച് മുസ്‌ലിം യുവാവിനു നേരെ വെടിയുതിര്‍ത്തു

ബിഹാറിലെ ബെഗുസാരായിയിലാണ് മുസ്‌ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകൂ എന്നാക്രോശിച്ച് വെടിയുതിര്‍ത്തത്. മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്കാണ് ശരീരത്തിന്റെ പിന്‍ഭാഗത്ത് ഗുരുതരമായി വെടിയേറ്റത്. തന്നെ വെടിയുതിര്‍ക്കുമ്പോള്‍ നിരവധി പേര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ചികില്‍സയിലായ ഖാസിം പറഞ്ഞു. അക്രമി മദ്യലഹിരിയിലായിരുന്നു. ആദ്യം തന്നോട് പേര് ചോദിച്ചു. മുഹമ്മദ് ഖാസിം എന്നു പറഞ്ഞയുടന്‍ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ചു. തൊട്ടുടനെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.സാമൂഹികപ്രവര്‍ത്തകന്‍ മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ബെഗുസാരായിയിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന കനയ്യകുമാറും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.

3. ബീഫ് പരാമര്‍ശം കുത്തിപ്പൊക്കി ആദിവാസി പ്രഫസറെ അറസ്റ്റ്‌ചെയ്തു

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജാര്‍ഖണ്ഡില്‍ ദലിത്-ആദിവാസികള്‍ക്കു നേരായ അതിക്രമം തുടങ്ങുന്നതിന്റെ ആദ്യപടിയായിട്ടായിരുന്നു ആദിവാസി പ്രഫസറെ അറസ്റ്റ് ചെയ്തത്. 2017ല്‍ ബീഫ് കഴിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്ത് ജീത്ത് റായ് ഹന്‍സ്ദ എന്ന സാക്ച്ചി വിമണ്‍സ് കോളജ് അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ഫേസ്ബുക്ക് പോസ്റ്റിനെതിരേ 2017ലാണ് ജീത്ത്‌റായിക്കെതിരേ എബിവിപി പരാതി നല്‍കിയിരുന്നത്. എന്നാല്‍, ആദിവാസികളും ദലിതരും നിര്‍ണായകമായ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കഴിയാനായി കാത്തിരിക്കുകയായിരുന്നു പോലിസ്. ബീഫിന്റെ പേരില്‍ ദലിത് വേട്ടയാരംഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് കരുതിയാവണം അറസ്റ്റ് വൈകിയതെന്നാണ് ജീത്ത് റായിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രമുഖ ആദിവാസി പ്രവര്‍ത്തകനും നാടക കലാകാരനുമാണ് ജീത്ത് റായ്.

4. ജയ് ശ്രീറാം വിളിക്കൂ; മുസ്‌ലിം യുവാക്കളെ തെരുവില്‍ ആക്രമിച്ച് ശ്രീരാമ സേന

മോദി വിജയത്തിന്റെ ആദ്യദിനത്തില്‍ തന്നെ മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണമായിരുന്നു മധ്യപ്രദേശില്‍ ശ്രീരാമ സേനയുടെ മര്‍ദനം. പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ചാണ് മധ്യപ്രദേശില്‍ ദമ്പതികളടങ്ങുന്ന മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.ഒരു സ്ത്രീയടക്കം മൂന്ന് പേരെയാണ് ഹിന്ദുത്വര്‍ ക്രൂരമായി ആക്രമിച്ചത്. മധ്യപ്രദേശിലെ സിയോണിലായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ചാണ് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. മരത്തിലും വൈദ്യുതി പോസ്റ്റിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ 'ജയ് ശ്രീറാം വിളിക്കൂ' എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മര്‍ദനമേല്‍ക്കുമെന്ന ഭയം നിമിത്തം മുസ്‌ലിം യുവാക്കള്‍ 'ജയ് ശ്രീറാം' വിളിക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എംപി അസദുദ്ദീന്‍ ഒവൈസിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

5. ഗുരുഗ്രാമില്‍ പള്ളിയില്‍ നിന്നു വരികയായിരുന്ന മുസ്‌ലിം യുവാവിനെ ജയ്ശ്രീറാം വിളിക്കനാവശ്യപ്പെട്ടു ആക്രമിച്ചു

ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിലാണ് പള്ളിയില്‍ നിന്നു വരികയായിരുന്ന മുസ്‌ലിം യുവാവിനെ ജയ്ശ്രീറാം വിളിക്കനാവശ്യപ്പെട്ടു ഹിന്ദുത്വര്‍ ക്രൂരമായി ആക്രമിച്ചത്. പള്ളിയില്‍ നിന്നു നമസ്‌കാരം കഴിഞ്ഞു രാത്രി പത്തുമണിയോടെ തന്റെ തയ്യല്‍ കടയിലേക്കു വരികയായിരുന്ന മുഹമ്മദ് ബര്‍കാത് ആലം എന്ന 25കാരനാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. ഈ പ്രദേശത്ത് ഇനി തൊപ്പി ധരിക്കാന്‍ പാടില്ലെന്നാവശ്യപ്പെട്ടു ബര്‍കാതിനെ അക്രമികള്‍ വളയുകയായിരുന്നു. തുടര്‍ന്നു തൊപ്പി ഊരാന്‍ ആവശ്യപ്പെടുകയും തെറി വിളിക്കുകയും ചെയ്തു. പള്ളിയില്‍ പോയതിനാലാണു തൊപ്പി ധരിച്ചതെന്നു പറഞ്ഞതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു തൊപ്പി ഊരി എറിയുകയും ജയ്ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മടിച്ചതോടെ വീണ്ടും മര്‍ദിക്കുകയും പന്നി മാംസം തീറ്റിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ബര്‍കാത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വടിയെടുത്തു ആക്രമിക്കുകയും ധരിച്ചിരുന്ന കുര്‍ത്ത വലിച്ചു കീറുകയും ചെയ്തു. പിന്നീട് അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ കയറി പോവുകയുമായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന.

6. വഡോദരയില്‍ ദലിത് ദമ്പതികള്‍ക്ക് ആക്രമണം

ഫേസ്ബുക്കില്‍ ക്ഷേത്രപ്രവേശത്തിന് സാധിക്കുന്നില്ലെന്ന് പോസ്റ്റ് ചെയ്തതിന് ദലിത് ദമ്പതികള്‍ക്ക് നേരെ മേല്‍ജാതിക്കാരുടെ ആക്രമണം. വഡോദരയിലാണ് പ്രവീണ്‍ മഖ്വാനയ്ക്കും താരുലതാബെന്‍ മഖ്വാനയ്ക്കും തങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് എഫ്ബി പോസ്റ്റിട്ടതിനെ ചൊല്ലി മര്‍ദനത്തിനിരയാകേണ്ടി വന്നത്. 300ലധികം വരുന്ന മേല്‍ജാതിക്കാരാണ് ദമ്പതികളെ ആക്രമിക്കാനായെത്തിയത്.

ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2019 ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുപ്രകാരം 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 44 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 36 പേര്‍ മുസ്‌ലിംകളാണെന്നും പറയുന്നു. അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും നടന്ന 83 മണ്ഡലങ്ങളില്‍ 60 ഇടങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചത്.

Tags:    

Similar News