ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഹിസ്ബുല്ല

Update: 2024-09-28 12:27 GMT

ബെയ്‌റൂത്ത്: ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്‌റുല്ല രക്തസാക്ഷിയായി.ലെബനന്‍ ആസ്ഥാനമായ ബെയ്‌റൂത്തിനു നേരെ വെള്ളിയാഴ്ച വൈകീട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്‌റുല്ല രക്തസാക്ഷിയായത്. ഇസ്രായേല്‍ നേരത്തെ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു. ഇപ്പോഴാണ് ഹിസ്ബുല്ല മരണ വിവരം സ്ഥിരീകരിച്ചത്.ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസന്‍ നസ്‌റുല്ല. കഴിഞ്ഞ 32 വര്‍ഷമായി അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്.

ലെബനനിലെ തെക്കന്‍ ബെയ്‌റൂത്തിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെന്ന് ആരോപിച്ച് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഈ ആക്രമണത്തിലാണ് ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ദാഹിയ എന്നറിയപ്പെടുന്ന ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശത്താണ് ആക്രമണം നടത്തിയത്. കുറഞ്ഞത് ആറുപേര്‍ കൊല്ലപ്പെട്ടതായും 91 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയം ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ല അവിടെ ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആക്രമണത്തില്‍ ഹസന്‍ നസ്‌റുല്ലയുടെ മകള്‍ സൈനബ് നസ്‌റുല്ല കൊല്ലപ്പെട്ടതായി ചാനല്‍ 12 നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു.




Tags:    

Similar News