10 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഷാഹി ദാറൂല്‍ ഉലൂമില്‍ താമസിക്കണമെന്നും എല്ലാ തിങ്കളാഴ്ച്ചയും ചന്ദ്രപുരി പോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് മനീഷ് പട്ടേല്‍ തബ് ലീഗ് അംഗങ്ങള്‍ക്ക് ജാമ്യം അനുവദിച്ചത്.

Update: 2020-06-13 08:50 GMT

നാഗ്പൂര്‍: കസാഖിസ്ഥാന്‍, കിര്‍ഖിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 10 തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് ബോംബെ  ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗഡ്ചിറോലി പോലിസ് അറസ്റ്റ് ചെയ്ത തബ് ലീഗ് അംഗങ്ങള്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തങ്ങള്‍ അംഗീകൃത വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും വിസാ ചട്ടങ്ങള്‍ ലംഘച്ചിട്ടില്ലെന്നും തബ് ലീഗ് അംഗങ്ങള്‍ ജാമാപേക്ഷയില്‍ പറഞ്ഞു. തബ് ലീഗ് ജമാഅത്ത് പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ കോടിതിയെ അറിയിച്ചു.

ഷാഹി ദാറൂല്‍ ഉലൂമില്‍ താമസിക്കണമെന്നും എല്ലാ തിങ്കളാഴ്ച്ചയും ചന്ദ്രപുരി പോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് മനീഷ് പട്ടേല്‍ തബ് ലീഗ് അംഗങ്ങള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ട് അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ഗഡ്ചിറോലി പോലിസ് തബ് ലീഗ് അംഗങ്ങളെ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വിസാ ചട്ടങ്ങള്‍ ലംഘിച്ച് ഗഡ്ചിറോലി പള്ളിയില്‍ താമസിച്ചെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങളുമായി ഇടപഴകിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ഐപിസി 188, 269, 270 വകുപ്പുകളും 1897ലെ പകര്‍ച്ചാ വ്യാധി നിയമത്തിലെ 3, 4 വകുപ്പുകളും വിസാ നിയമങ്ങളും ചേര്‍ത്താണ് തബ് ലീഗ് അംഗങ്ങള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. തബ് ലീഗ് അംഗങ്ങള്‍ മതപരമായ പരിപാടികള്‍ പങ്കെടുത്തെന്നും ഇത് ടൂറിസ്റ്റ് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, മതപരമായ പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്ന് തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ വ്യക്തമാക്കി. അഭിഭാഷകരായ ഫിര്‍ദൗസ് മിസ്‌റ, മിര്‍ നഗ്മാന്‍ എന്നിവര്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായി.  

Tags:    

Similar News