പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: എസ് ഡിപിഐ

Update: 2024-07-04 16:20 GMT

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അംഗം എസ് സുല്‍ഫിക്കറിനെ അയോഗ്യനാക്കിയ പഞ്ചായത്ത് ഭരണ സമിതിയുടെയും അയോഗ്യത ശരിവച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ് വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. മൂന്ന് പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളില്‍ ഹാജരായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതൃത്വം നല്‍കുന്ന പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതി സുല്‍ഫിക്കറിനെ പുറത്താക്കിയത്. പഞ്ചായത്ത് കമ്മിറ്റിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം രേഖാമൂലം അറിയിച്ചിട്ടും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സുല്‍ഫിക്കറിനെതിരേ ഏകപക്ഷീയമായി നടപടി സ്വീകരിക്കുകയായിരുന്നു. ഭരണ സമിതി നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സിപിഎമ്മിന്റെ അധികാര ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. പുന്നപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതകള്‍ക്കെതിരേ നിരന്തരം ശബ്ദിച്ചതിന്റെ പേരിലാണ് എസ്ഡിപിഐ ജനപ്രതിനിധി വേട്ടയാടപ്പെട്ടത്. ഇരുമുന്നണികളുടെയും ശക്തി കേന്ദ്രമായിരുന്ന വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സുല്‍ഫിക്കറിനെതിരേ ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നടന്നത്. ഹൈക്കോടതി വിധിയിലൂടെ എസ്ഡിപിഐയെ ഒറ്റപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടിരിക്കുകയാണ്. ഭരണസമിതിയുടെ ജനദ്രോഹ നടപടിക്കെതിരേ തുടര്‍ന്നും നിലകൊള്ളുകയും വാര്‍ഡില്‍ നടപ്പാക്കി വന്ന വികസന പദ്ധതികളുമായി ശക്തമായി മുന്നോട്ടുപോവാനുമാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും കെ റിയാസ് അറിയിച്ചു.

Tags:    

Similar News