കൊച്ചി: മുസ് ലിം ലീഗ് നേതാവും പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലം എംഎല്‍എയുമായ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹരജിയിലാണ് നടപടി. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നും ഇതില്‍ 300 എണ്ണം തനിക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് മുസ്തഫ ഹരജി നല്‍കിയത്. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതായതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫിസില്‍ നിന്നാണ് കണ്ടെത്തിയത്. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. ഹരജിയെ എതിര്‍ത്ത് നജീബ് കാന്തപുരം നല്‍കിയ തടസ്സഹരജി കോടതി നേരത്തേ തള്ളിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ പി എം മുസ്തഫ കോടതിയെ സമീപിച്ചത്. ചില ബാലറ്റുകള്‍ എണ്ണാതെ മാറ്റിവച്ചതാണ് തന്റെ തോല്‍വിക്ക് കാരണമെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
അതേസമയം, തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കിയത്. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പായ്ക്കറ്റിന്റെ പുറത്തുള്ള കവര്‍ കീറിയ നിലയിലാണെന്നും കോടതിയെ അറിയിച്ചു.