ഹിജാബ് നിരോധനം: കര്‍ണാടകയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ സമരങ്ങള്‍ക്കൊപ്പം നില്‍ക്കും- പോപുലര്‍ ഫ്രണ്ട്

Update: 2022-03-25 15:33 GMT

കോഴിക്കോട്: സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്കൊപ്പം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും നിലകൊള്ളുമെന്ന് മലപ്പുറത്ത് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പ്രമേയത്തില്‍ വ്യക്തമാക്കി. മുസ്‌ലിംകളുടെ മതപരമായ അടയാളങ്ങള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അത് കാണുന്നതില്‍ പരാജയപ്പെട്ട കര്‍ണാടക ഹൈക്കോടതി നൂറ്റാണ്ടുകളായി രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ അവരുടെ സ്വത്വത്തിന്റെ ഭാഗമായി പിന്തുടരുന്ന ആചാരത്തിനെതിരേ നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഹിജാബ് നിരോധനം സാധൂകരിച്ചുള്ള കോടതിയുടെ ഉത്തരവ് ഭരണഘടനാ മൂല്യങ്ങള്‍ക്കും മതസ്വാതന്ത്ര്യമെന്ന സാര്‍വത്രിക തത്വത്തിനും എതിരാണ്. ഹൈക്കോടതിയുടെ വിധി സാമൂഹിക ബഹിഷ്‌കരണത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയും മതപീഡനത്തിന്റെ മറ്റൊരു മറയായി മാറുകയും ചെയ്യും. ഹൈക്കോടതി ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനും നീതി കിട്ടും വരെ സമരം നടത്താനും തീരുമാനിച്ച വിദ്യാര്‍ഥികളുടെ സമരങ്ങള്‍ക്കൊപ്പം പോപുലര്‍ ഫ്രണ്ട് നിലകൊള്ളും- പ്രമേയം വ്യക്തമാക്കി.

'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കണമെന്നും യോഗം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തന്നെ ശുപാര്‍ശ ചെയ്യുകയും നികുതി ഇളവുകളോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്ത വിവേക് അഗ്‌നിഹോത്രിയുടെ ചിത്രം ഒരു സിനിമ എന്നതിലുപരിയായി മാറി. സിനിമയുടെ റിലീസിന് ശേഷമുള്ള നാടകീയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് മറ്റൊരു സംഘടിത മുസ്‌ലിം വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.

ഹിന്ദുത്വ ആഖ്യാനത്തിന് അനുകൂലമായി കശ്മീര്‍ വിഷയത്തിലെ വസ്തുതകളെ വളച്ചൊടിച്ച്, മുസ്‌ലിം സമുദായത്തിനും ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരേ വിദ്വേഷത്തിന്റെ തീജ്വാലകള്‍ ആളിക്കത്തിക്കുകയാണ് സിനിമ. ഒരു സിനിമയെ പ്രമോട്ട് ചെയ്യാന്‍ ഒരു സര്‍ക്കാര്‍ തന്നെ ഇറങ്ങുന്നത് രാജ്യം കണ്ടിട്ടില്ല. തിയറ്ററുകളില്‍ സിനിമ കണ്ടതിന് ശേഷം ആള്‍ക്കൂട്ടം മുസ്‌ലിംകളെ അധിക്ഷേപിക്കുകയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

പ്രധാന രാഷ്ട്രീയ ചോദ്യങ്ങളെ അടിച്ചമര്‍ത്താന്‍ തീവ്രവിദ്വേഷ പ്രചരണത്തില്‍ അഭയം പ്രാപിക്കുകയാണ് ബിജെപി. ഈ സാഹചര്യം മനസ്സിലാക്കാനും മുസ്‌ലിംകള്‍ക്കെതിരേ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്വേഷ വര്‍ധന അവസാനിപ്പിക്കാനും രാജ്യത്തെ നിയമസംവിധാനങ്ങള്‍ തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെയും യോഗം അപലപിച്ചു. ഈ ആഴ്ച മാത്രം ഉത്തര്‍പ്രദേശില്‍ രണ്ട് ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായി. അതില്‍ ഒരു മുസ്‌ലിം കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് മുസ്‌ലിം വിരുദ്ധ വികാരം മനപ്പൂര്‍വം സൃഷ്ടിച്ചതാണ്. അതിനുള്ള വിലയാണ് ഇപ്പോള്‍ നിരപരാധികള്‍ നല്‍കുന്നത്. ആള്‍ക്കൂട്ട കൊലപാതകം ഒരു സാമൂഹിക വിപത്തായി കണക്കാക്കി അതിനെ പ്രതിരോധിക്കാനുള്ള നിയമത്തിനായി രാജ്യത്തെ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം. പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഭീകരമായ അക്രമത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.

തിങ്കളാഴ്ച ആദ്യ കൊലപാതകം നടന്നതിന് ശേഷം കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടു. ഒരു സ്ത്രീയും ഒരു കുട്ടിയുമുള്‍പ്പെടെ എട്ട് നിരപരാധികളെ കൊലപ്പെടുത്താന്‍ പോയ ജനക്കൂട്ടത്തെ തടയാനും പോലിസിനായില്ല. ഇത് ക്രമസമാധാന പരാജയമാണ്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

Tags:    

Similar News