ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹരജിയില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നായിരുന്നു മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതി പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്. കേസ് മാറ്റിവയ്ക്കണമെന്ന ചില ഹരജിക്കാരുടെ ആവശ്യം സുപ്രിംകോടതി തള്ളി.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ഷു ധൂലിയയും അടങ്ങുന്ന ബെഞ്ച് 'ഫോറം ഷോപ്പിങ്' അനുവദിക്കില്ലെന്ന് പറഞ്ഞാണ് കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളിയത്. ഇഷ്ടമുള്ള ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിങ്ങള്‍ക്ക് അടിയന്തര ലിസ്റ്റിങ് ആവശ്യമായിരുന്നു. ഇപ്പോള്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് അനുവദിക്കില്ല- കോടതി പറഞ്ഞു.
കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് സപ്തംബര്‍ അഞ്ചിലേക്ക് മാറ്റി. കാംപസില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രീ യൂനിവേഴ്‌സിറ്റി കോളജുകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിവാദങ്ങള്‍ക്കിടയാക്കിയ വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ നിരവധി ഹരജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.