ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരേ ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിട്ട ആരോപണങ്ങളില്‍ സെബി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിനാണ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍ തട്ടിപ്പിലൂടെ ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടാക്കിയെന്ന റിപോര്‍ട്ട് പുറത്തുവിട്ടത്. ഓഹരികളില്‍ കൃത്രിമം കാട്ടിയും വ്യാജ കണക്കുകള്‍ അവതരിപ്പിച്ചും കമ്പനികളുടെ മൂല്യം ഉയര്‍ത്തി തട്ടിപ്പ് നടത്തിയെന്നായിരുന്നു ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന കമ്പനികളുടെയും യഥാര്‍ഥമൂല്യം നിലവിലുള്ളതിനേക്കാള്‍ 85 ശതമാനം കുറവാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതി വെട്ടിപ്പിന്റെ ഭാഗമായി കരീബിയന്‍ ദീപുകള്‍, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളില്‍ ഷെല്‍ കമ്പനികളുണ്ടാക്കിയെന്ന ആരോപണത്തിനു പിന്നാലെ അദാനി ഗ്രൂപ്പില്‍ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടിയുണ്ടായി. ഇതേച്ചൊല്ലി പാര്‍ലമെന്റിലും അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്കു ശേഷമാണ് സെബി ഹിന്‍ഡന്‍ബര്‍ഗിന് നോട്ടിസ് അയച്ചത്. ആരോപണങ്ങള്‍ക്കെതിരെയുള്ള നടപടിക്ക് പകരം സെബി അദാനി ഗ്രൂപ്പിന്റെ സഹായത്തിനെത്തിയെന്നാണ് നോട്ടിസ് ലഭിച്ചകാര്യം സ്ഥിരീകരിച്ച് ഹിന്‍ഡെന്‍ബെര്‍ഗ് വ്യക്തമാക്കിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സെബി ജീവിക്കാരുടെ വിശദാംങ്ങള്‍, സെബിയും അദാനിയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, ഫോണ്‍ കോളുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കുമെന്നും ഹിന്‍ഡെന്‍ബെര്‍ഗ് അറിയിച്ചു.