അജ്മീര്‍ ദര്‍ഗ നിര്‍മിച്ചത് ശിവക്ഷേത്രം പൊളിച്ചെന്ന് ഹരജി
ഹിന്ദു സേനയെന്ന സംഘടനയാണ് ഹരജി നല്‍കിയിരിക്കുന്നത്
ജയ്പൂര്‍: അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിച്ച് ഹരജി. ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്ന ആരോപണം ഉന്നയിച്ച് ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റായ വിഷ്ണു ഗുപ്ത എന്നയാളാണ് ഹരജി നല്‍കിയിരിക്കുന്നത്. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഹരജി ഫയലില്‍ സ്വീകരിച്ച അജ്മീര്‍ സിവില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദല്‍ ദര്‍ഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്കും രാജസ്ഥാന്‍ സര്‍ക്കാരിനും നോട്ടീസ് അയച്ചു.
ദര്‍ഗ സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശത്ത് ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് 1910ല്‍ ഹര്‍ വിലാസ് ശാരദ എഴുതിയ പുസ്തകം തെളിവാണെന്ന് ഹരജി പറയുന്നു. അതിനാല്‍ തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ ദര്‍ഗയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെ കൊണ്ട് സര്‍വെ നടത്തിപ്പിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
രാഷ്ട്രീയക്കാരനും ജഡ്ജിയുമായിരുന്ന ഹര്‍ വിലാസ് ശാരദയുടെ പുസ്തകം ഇങ്ങനെ പറയുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം '' ദര്‍ഗയിലെ നിലവറയില്‍ ശിവന്റെ ചിത്രമുണ്ടെന്നാണ് പാരമ്പര്യ വിശ്വാസം. അവിടെ ഒരു ബ്രാഹ്മണ കുടുംബം സ്ഥിരമായി ചന്ദനം പൂശുമായിരുന്നു.''
അടുത്ത വര്‍ഷം അജ്മീര്‍ ദര്‍ഗയില്‍ 813ാം ഉറൂസ് നടക്കാനിരിക്കുകയാണ്. ഉറൂസിനെതിരെ ഹിന്ദുത്വസംഘടകള്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. അജ്മീര്‍ നഗരത്തില്‍ രാജസ്ഥാന്‍ ടൂറിസം വികസന കോര്‍പറേഷന്‍ നടത്തുന്ന ഖാദിം ഹോട്ടലിന്റെ പേര് നേരത്തെ അജയ് മേരു ഹോട്ടല്‍ എന്നാക്കിയിരുന്നു.
നേരത്തെ മഹാറാണാ പ്രതാപ് സേനയെന്ന സംഘടന ഇതേ ആവശ്യം ഉന്നയിച്ച് ദര്‍ഗക്ക് സമീപത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദര്‍ഗയുടെ ചുമരുകളിലും ജനലുകളിലും ഹിന്ദു ചിഹ്നങ്ങളുണ്ടെന്നാണ് ഈ സംഘടന ആരോപിക്കുന്നത്.
അജ്മീര്‍ ദര്‍ഗയ്‌ക്കെതിരേ കേസ് നല്‍കിയതിനെ ദര്‍ഗയുടെ കസ്റ്റോഡിയന്‍ ആയ സയ്യിദ് സര്‍വാര്‍ ചിശ്തി ചോദ്യം ചെയ്യുന്നു. മുസ്‌ലിം സമുദായത്തിന് എതിരെ വെറുപ്പ് സൃഷ്ടിക്കാനാണ് കേസെന്ന് അദ്ദേഹം പറഞ്ഞു. '' ഓരോ ദിവസവും ഓരോ ക്രിമനലുകള്‍ വന്ന് അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. 2007ല്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തിയ ഭവേഷ് പട്ടേല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ദര്‍ഗ ഒരു ആരാധനാലയമാണ്.അഫ്ഗാനിസ്താന്‍, ഇന്തോനേഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. പുരാതനമായ പള്ളികള്‍ക്കെതിരേ നിരന്തരമായി ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നു. കാശിയിലും മധുരയിലും വരെ ഇത് നടക്കുന്നുണ്ട്. ഇത് രാജ്യത്തിന് നല്ലതല്ല.'' അദ്ദേഹം പറഞ്ഞു. കേസ് ഡിസംബര്‍ 20ന് വീണ്ടും പരിഗണിക്കും.
ഈ കേസില്‍ സുപ്രിംകോടതി ഉടന്‍ ഇടപെടണമെന്ന് ആം ആദ്മി പാര്‍ടി നേതാവും എംപിയുമായ സഞ്ജയ് സിങ് ആരോപിച്ചു. രാജ്യത്തെ ആരാധനലായങ്ങളില്‍ 1947ലെ സ്ഥിതി തുടരണമെന്ന 1991ലെ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. '' ഓരോ പള്ളിക്കും അടിയില്‍ ക്ഷേത്രമുണ്ടെന്നോ ക്ഷേത്രങ്ങള്‍ക്ക് അടിയില്‍ പള്ളിയില്‍ ഉണ്ടെന്നോ ആളുകള്‍ അവകാശവാദം ഉന്നയിച്ചാല്‍ രാജ്യം നശിക്കും. രാജ്യത്തെ ജനങ്ങള്‍ പരസ്പരം പോരടിക്കണമെന്നാണ് മോദിയും ബിജെപിയും ആഗ്രഹിക്കുന്നത്.''- സഞ്ജയ് സിങ് പറഞ്ഞു.
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം 2007
2007 ഒക്ടോബര്‍ 11ന് റമദാനിലെ ഇഫ്താറിന് മുമ്പ് അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിഫിന്‍ ബോക്‌സില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കേസ് അന്വേഷിച്ച രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേന സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയാണ് എന്നാണ് ആരോപിച്ചത്. എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. 2010ല്‍ സ്വാമി അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെയാണ് കേസിന്റെ ഗതി മാറിയത്. സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണ് എന്നാണ് സ്വാമി അസീമാനന്ദ് വെളിപ്പെടുത്തിയത്. അജ്മീര്‍ സ്‌ഫോടനത്തിന് പുറമെ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനം, മഹാരാഷ്ട്രയിലെ മലേഗാവ് സ്‌ഫോടനം, സംജോത എക്‌സ്പ്രസ് സ്‌ഫോടനം എന്നിവയുടെ ഉത്തരവാദിത്തവും അസീമാനന്ദ് വെളിപ്പെടുത്തി.
ഇതോടെ പ്രതിസ്ഥാനത്ത് നിന്ന് മുസ്‌ലിം സംഘടനകള്‍ മാറി ഹിന്ദുത്വര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന ദേവേന്ദ്ര ഗുപ്ത, ഭവേഷ് ഭായ് പട്ടേല്‍, സുനില്‍ ജോഷി, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവി, ഹര്‍ഷാദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേശ് വാസ്‌നി, ഭരത് ഭായ് എന്നിവരെയും പ്രതിചേര്‍ത്തു. കേസില്‍ 2017 മാര്‍ച്ച് 22ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്തയേയും ഭവേഷ് ഭായ് പട്ടേലിനെയും എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുനില്‍ ജോഷി അതിന് മുമ്പ് തന്നെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
You may also like