ഗ്യാന്‍വാപി മസ്ജിദില്‍ അഞ്ചുനേരം പൂജ നടത്തുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു വിഭാഗം
വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ജില്ലാ കോടതി ഉത്തരവിട്ടതിനു പിന്നാലെ അര്‍ധരാത്രി വിഗ്രഹം പ്രതിഷ്ഠിച്ച് ആരതി തുടങ്ങിയ ഹിന്ദുവിഭാഗം പുതിയ പ്രഖ്യാപനവുമായി രംഗത്ത്. എല്ലാ ദിവസവും 'വ്യാസ് കാ തെഖാന'യില്‍ അഞ്ചുനേരം ആരതി നടത്തുമെന്ന്
ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരേ മസ്ജിദ് കമ്മിറ്റി നിയമപോരാട്ടം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. രാവിലെ 3:30 മംഗള, ഉച്ചയ്ക്ക് 12ന് ഭോഗ്, വൈകീട്ട് 4ന് അപ്രാണ്‍, സാനികാല്‍ വൈകീട്ട് 7, ശയാന്‍ ആരതി 10:30 എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പൂജയ്ക്ക് പൂജാരിയെ നാമനിര്‍ദേശം ചെയ്യാന്‍ ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച അര്‍ദ്ധരാത്രി പള്ളിയില്‍ ഹിന്ദുവിഭാഗം വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തുകയും ചെയ്തു. ഗ്യാന്‍വാപി പരിസരത്തെ സര്‍വേയില്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പ്രാര്‍ഥനയും തുടര്‍ന്ന് പ്രസാദമൂട്ടും നടത്തി. വിഷ്ണുവിന്റെ ഒരു പ്രതിമ, ഒരു ഗണേശ വിഗ്രഹം, രണ്ട് ഹനുമാന്‍ പ്രതിമകള്‍, രാമന്‍ എന്നെഴുതിയ ഒരു കല്ല് എന്നിവയാണ് പ്രതിഷ്ഠിച്ചത്.