ഗുരുഗ്രാമില്‍ ഇന്നും ജുമുഅ നമസ്‌കാരം തടഞ്ഞു; മുസ് ലിംകളോട് 'ഭാരത് മാതാ' മുദ്രാവാക്യം വിളിക്കാന്‍ ആക്രോശിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

Update: 2021-12-17 09:41 GMT

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ഇന്നും ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തി ഹിന്ദുത്വര്‍. ഗുരുഗ്രാം ഉദ്യോഗ് വിഹാറില്‍ മുസ് ലിംകള്‍ക്ക് ജുമുഅ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള പാര്‍ക്കിലാണ് ഹിന്ദുത്വര്‍ സംഘടിച്ചെത്തി ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തിയത്.

ജുമുഅ തടസ്സപ്പെടുത്തിയ ഹിന്ദുത്വര്‍ ജുമുഅ നമസ്‌കരിക്കാനെത്തിയ വിശ്വാസികളോട് 'ഭാരത് മാതാ കി ജയ്' എന്ന മുദ്രാവാക്യം വിളിക്കാനും ആക്രോശിച്ചു. ഹിന്ദുത്വ അധിക്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാസങ്ങളായി ഗുരുഗ്രാമില്‍ ഹിന്ദുത്വര്‍ ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തുന്നുണ്ട്. 2018ല്‍ നൂറ് കേന്ദ്രങ്ങളില്‍ നമസ്‌കരിച്ചിരുന്ന മുസ് ലിംകള്‍ക്ക് ഈ നവംബറില്‍ അവസാന കണക്കെടുക്കുമ്പോള്‍ അവശേഷിക്കുന്നത് 20 നമസ്‌കാര കേന്ദ്രങ്ങള്‍ മാത്രമായി ചുരുങ്ങി. ഒറ്റയടിക്കല്ല ഈ കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടത്, ചില കേന്ദ്രങ്ങളില്‍ നിന്ന് ഹിന്ദുത്വര്‍ മുസ് ലിംകളെ അടിച്ചോടിപ്പിച്ചു. ചില കേന്ദ്രങ്ങള്‍ ചാണകം വിതറി വൃത്തികേടാക്കി. ചില കേന്ദ്രങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറ്റി, വെള്ളിയാഴ്ചകളില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. ചില കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ക്ക് വഴങ്ങി വേണ്ടെന്നുവച്ചു. ചില കേന്ദ്രങ്ങള്‍ ഭയന്ന് മുസ് ലിംകള്‍ തന്നെ വേണ്ടെന്നു വച്ചു. നവംബറിനു മുന്‍പ് നമസ്‌കാരകേന്ദ്രങ്ങള്‍ 32 എണ്ണമുണ്ടായിരുന്നു. അതാണിപ്പോള്‍ 20ലേക്ക് ചുരുങ്ങിയത്. മുസ് ലിംകളെ പൊതുഇടത്തില്‍ നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദുത്വര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News