'കോളി ഫ്ളവര്‍' ചിത്രങ്ങള്‍ പങ്കുവച്ച് ഹിന്ദുത്വവാദികള്‍; നാഗ്പൂരില്‍ ഭഗല്‍പൂര്‍ മോഡല്‍ കൂട്ടക്കൊലകള്‍ നടത്തണമെന്ന് ആഹ്വാനം

Update: 2025-03-20 15:45 GMT
കോളി ഫ്ളവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഹിന്ദുത്വവാദികള്‍; നാഗ്പൂരില്‍ ഭഗല്‍പൂര്‍ മോഡല്‍ കൂട്ടക്കൊലകള്‍ നടത്തണമെന്ന് ആഹ്വാനം

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കണമെന്നാവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെ പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരേ കൂട്ടക്കൊലകള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വവാദികള്‍. കോളിഫ്ളവറിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് അവര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. 1989ല്‍ ബിഹാറിലെ ഭഗല്‍പൂരിലെ ലൊഗെയ്ന്‍ ഗ്രാമത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം 'കോളിഫ്ളവര്‍ കൂട്ടക്കൊല' എന്നാണ് അറിയപ്പെടുന്നത്.


1989 ഒക്ടോബര്‍ 27ന് ലൊഗെയ്ന്‍ ഗ്രാമത്തില്‍ മാത്രം 116 മുസ്‌ലിംകളെയാണ് ഹിന്ദുത്വര്‍ കൂട്ടക്കൊല ചെയ്തത്. ജഗദീഷ്പൂര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ രാമചന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസുകാര്‍ അടങ്ങിയ നാലായിരത്തോളം വരുന്ന ഹിന്ദുത്വസംഘമാണ് കൂട്ടക്കൊലകള്‍ നടത്തിയത്. ആദ്യം ഈ മൃതദേഹങ്ങള്‍ പ്രദേശത്തെ ഒരു മുസ്‌ലിം ഗല്ലിയില്‍ പ്രദര്‍ശിപ്പിച്ചു. അതിന് ശേഷം കിണറ്റിലിട്ടു. അതിന് ശേഷം അവ പുറത്തെടുത്ത് കോളിഫ്ളവര്‍ കൃഷി ചെയ്യുന്ന പാടത്തിട്ടു. അതിന് മുകളില്‍ കോളിഫ് ളവര്‍ നട്ടു. ഡിസംബര്‍ എട്ടിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.


കലാപത്തിന് മുമ്പ്, ബാബരി മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഭഗല്‍പൂരില്‍ അഞ്ച് ദിവസം റാലികള്‍ നടന്നിരുന്നു. ഉള്‍ഗ്രാമങ്ങളില്‍ വരെ അവര്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ചു. രണ്ടു മാസത്തോളം ഭഗല്‍പൂരില്‍ നടന്ന ആക്രമണങ്ങളില്‍ 1,070 പേരാണ് കൊല്ലപ്പെട്ടത്. 195 ഗ്രാമങ്ങളിലെ 11,500 വീടുകളും 68 പള്ളികളും 20 ദര്‍ഗകളും തകര്‍ത്തു. കലാപം മൂലം ഭഗല്‍പൂരിലെ മുസ്‌ലിംകളുടെ പ്രശസ്തമായ സില്‍ക്ക് വ്യവസായം തകര്‍ന്നു. നിരവധി സില്‍ക്ക് നിര്‍മാണ യൂണിറ്റുകളാണ് കലാപത്തില്‍ ഇല്ലാതായത്.

ഈ കലാപത്തില്‍ പോലിസുകാര്‍ ഹിന്ദുത്വര്‍ക്കൊപ്പമാണ് നിലകൊണ്ടത്. കലാപം തടയുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എസ്പി കെ എസ് ദ്വിവേദിയെ സ്ഥലം മാറ്റിയെങ്കിലും പോലിസുകാര്‍ പരസ്യമായി പ്രതിഷേധിച്ചു. ബിജെപി-വിഎച്ച്പി നേതാക്കളും അവര്‍ക്കൊപ്പം കൂടി. അവരുടെ ആവശ്യം പരിഗണിച്ച് എസ്പിയെ സ്ഥലം മാറ്റരുതെന്ന് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതിന് ശേഷമാണ് കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്.ഭഗല്‍പൂര്‍ കൂട്ടക്കൊല അന്വേഷിക്കാന്‍ 2005ല്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ജസ്റ്റിസ് എന്‍ എന്‍ സിങായിരുന്നു അന്വേഷണ കമ്മീഷന്‍. അക്കാലത്തെ സംസ്ഥാന സര്‍ക്കാരിനും പോലിസിനും പ്രാദേശികഭരണ സംവിധാനത്തിനും കൂട്ടക്കൊലകളില്‍ പങ്കുണ്ടെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.നാഗ്പൂരിലും പോലിസ് ഇപ്പോള്‍ മുസ്‌ലിംകള്‍ക്ക് പിന്നാലെയാണ്. പോലിസുകാരെ മുസ് ലിംകള്‍ ആക്രമിച്ചുവെന്ന പ്രചരണമാണ് ഹിന്ദുത്വരും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്.

Similar News