വിദ്വേഷ പ്രാസംഗികരുടെ പരാതിയില്‍ 'ഹിന്ദുത്വ വാച്ചി'നെതിരേ കേസ്; ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമമെന്ന് അധികൃതര്‍
മുംബൈ: കോലാപൂര്‍ നഗരത്തിലുണ്ടായ ആക്രമണത്തിനിടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് വിദ്വേഷ പ്രാസംഗികരായ ഹിന്ദുത്വ നേതാവ് നല്‍കിയ പരാതിയില്‍ 'ഹിന്ദുത്വ വാച്ച്' എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരേ മഹാരാഷ്ട്ര പോലിസ് കേസെടുത്തു. വിദ്വേഷപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സംഭാജി എന്ന ബന്ദ സലുങ്കെ നല്‍കിയ പരാതിയിലാണ് ഐപിസി 153 എ, 295, 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോലാപൂര്‍ അക്രമത്തിന് ശേഷം വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ് ഐആറില്‍ ആരോപിക്കുന്നത്. ഹിന്ദു നേതാക്കള്‍ 'വര്‍ഗീയ പ്രസംഗങ്ങള്‍' നടത്തിയെന്ന് അവകാശപ്പെട്ട് ട്വീറ്റിലൂടെ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും ബന്ദ സലുങ്കെ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ യോഗങ്ങളുടെ ഫലമാണ് അക്രമമെന്ന് ആളുകളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
തന്റെ പ്രസംഗത്തിന്റെയും ഈയിടെ നഗരത്തില്‍ നടന്ന അക്രമങ്ങളുടെയും വീഡിയോ പങ്കുവച്ച് ഹിന്ദുത്വ വാച്ച് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതു വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് സംഭാജി സലുങ്കെയുടെ ആരോപണം. എന്നാല്‍, തങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് 'ഹിന്ദുത്വ വാച്ച്' അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങള്‍ തുറന്നുകാട്ടുന്ന സ്വതന്ത്ര അന്വേഷണ സംഘമാണ് ഹിന്ദുത്വ വാച്ച്. ഹിന്ദുത്വ സംഘടന നേതാക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തതിനെ ഹിന്ദുത്വ വാച്ച് അപലപിച്ചു. വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കോലാപൂര്‍ കലാപത്തിലും വിശാലഗഢ് ദേവാലയ വിദ്വേഷ കുറ്റകൃത്യത്തിലും 2023 ഫെബ്രുവരിയില്‍ പള്ളിക്കു നേരെ നാടന്‍ റോക്കറ്റ് തൊടുത്തുവിട്ട സംഭവത്തില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ആസൂത്രിത ശ്രമമാണ് ഈ കേസെന്നും ഹിന്ദുത്വ വാച്ച് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി സലുങ്കെയുടെ വിദ്വേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മേഖലയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹിന്ദുത്വ വാച്ച് കോലാപൂര്‍ പോലിസിനോട് ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന വര്‍ഗീയ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ പോലിസിന് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും സംഘം അറിയിച്ചു.