മണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

Update: 2023-05-30 05:21 GMT

ഇംഫാല്‍: കുക്കി-മെയ്ത്തി വിഭാഗങ്ങളില്‍ തമ്മിലുള്ള കലാപം തുടരുന്ന മണിപ്പുരില്‍ മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഈ മാസം ആദ്യം തുടങ്ങിയ സംഘര്‍ഷത്തിന് നേരിയ അയവ് വന്നിരുന്നെങ്കിലും ഒരിടവേളയ്ക്കുശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. പലയിടങ്ങളിലും തീവയ്പും വെടിവയ്പും തുടരുകയാണ്. ആക്രമണങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു മുമ്പ് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും തിരച്ചില്‍ നടത്തി ആയുധങ്ങള്‍ കണ്ടെടുക്കാനുമായി സൈന്യം നടപടി ശക്തമാക്കിയതിനു പിന്നാലെയാണ് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. തിങ്കളാഴ്ച വൈകീട്ട് മണിപ്പുരിലെത്തിയ അമിത് ഷാ ഗവര്‍ണര്‍ അനുസൂയ ഉയികെ, മുഖ്യമന്ത്രി ബിരേന്‍ സിങ്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്നും ചര്‍ച്ച തുടരും. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ അമിത് ഷാ സന്ദര്‍ശിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. അതിനിടെ, മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ്മയായ ഇന്‍ഡിജിനസ് െ്രെടബല്‍ ലീഡേഴ്‌സ് ഫോറം രംഗത്തെത്തി. സംഘര്‍ഷത്തിന് ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിങാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിരപരാധികളായ ഗ്രാമീണരെ സംരക്ഷിക്കാന്‍ കേന്ദ്ര സായുധ സേനയെ അധികമായി വിന്യസിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിങ് സര്‍ക്കാര്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ വംശീയ ഉന്മൂലനം നടത്തിവരികയാണെന്നും ഇവര്‍ ആരോപിച്ചു.

Tags:    

Similar News